തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും കന്റോണ്‍മെന്റ് പൊലീസ് മൊഴിയെടുത്തു. ആത്മഹത്യ ശ്രമത്തിന് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴിയെടുത്തത്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു, എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിച്ചു, ശരീരത്തില്‍ പിടിക്കാനും ശ്രമിച്ചു എന്നായിരുന്നു കുറ്റപ്പെടുത്തല്‍.
എസ്എഫ്‌ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് നിര്‍ത്തുന്നത്. എന്നാല്‍, മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലും പൊലീസിന് കൊടുത്ത മൊഴിയിലും ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.എസ്എഫ്‌ഐ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് ആത്മഹത്യാ കുറിപ്പില്‍ കുറ്റപ്പെടുത്തിയ പെണ്‍കുട്ടി പൊലീസിനോട് പരാതിയില്ലെന്ന് പറയാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ക്ലാസ് മുടങ്ങിയതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് രഹസ്യമൊഴിയില്‍ പറയുന്നു. ആരുടെയും പേരെടുത്ത് പറയുന്നില്ല. പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പൊലീസ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചിരുന്നു. ആരോപണങ്ങളെല്ലാം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് നിഷേധിച്ചിരുന്നു.
Post Your Comments