മുംബൈ: പാക്കിസ്ഥാന്‍ താരങ്ങള്‍ ശിക്ഷിക്കപ്പെട്ട 2010ലെ ഒത്തുകളി വിവാദം ഐസിസിയില്‍ നിന്ന് മറച്ചുവെച്ച ഷാഹിദ് അഫ്രിദിക്കെതിരെ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി രംഗത്ത്. ക്രിക്കറ്റിലെ അഴിമതിയെയും ഒത്തുകളിയെയും കുറിച്ച് അറിഞ്ഞാല്‍ ഉടനടി ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കേണ്ടതുണ്ടെന്ന് അനിരുദ്ധ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. അഴിമതിയോ ഏതെങ്കിലും തരത്തിലുള്ള അഴിമതി കാണിക്കാനുള്ള ക്ഷണമോ ഉണ്ടായാല്‍ ഉടനടി വിവരം അറിയിക്കണമെന്ന് ഐസിസി നിയമത്തില്‍ പറയുന്നുണ്ട്.
2010ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു വിവാദ കൊടുങ്കാറ്റായ ഒത്തുകളി പുറത്തുവന്നത്. തുടര്‍ന്ന് നായകന്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഐസിസി വിലക്കി. ന്യൂസ് ഓഫ് ദ് വേള്‍ഡാണ് ഈ ഒത്തുകളി പുറത്തുകൊണ്ടുവന്നത്. ഇതിന് മുന്‍പ് തന്നെ ഇക്കാര്യം തനിക്ക് അറിയാമെന്നാണ് അഫ്രിദിയുടെ അവകാശവാദം. തന്റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ ആണ് ഈ കാര്യങ്ങള്‍വെളിപ്പെടുത്തിയത്.
2010ലെ ഏഷ്യാകപ്പിനിടെ വാതുവയ്പുകാരന്‍ മഷര്‍ മജീദ്, ബട്ടിന്റെ ഏജന്റ്, മാനേജര്‍ എന്നിവരില്‍ നിന്നും തനിക്കും മെസേജുകള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ പരിശീലകനായ വഖാര്‍ യൂനിസിനെ അറിയിച്ചെങ്കിലും മേല്‍ഘടങ്ങള്‍ക്ക് കൈമാറിയില്ലെന്നും അഫ്രിദി ആരോപിക്കുന്നു. ഒത്തുകളിയെ കുറിച്ച് അറിയാമായിരുന്നിട്ടും അഫ്രിദി എന്തുകൊണ്ട് വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയ അറിയിച്ചില്ലെന്ന് അനിരുദ്ധ് ചോദിച്ചു. എന്നാല്‍ സംഭവങ്ങളോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ണടച്ചെന്നും താനത് ചോദ്യം ചെയ്തിരുന്നതായും അഫ്രിദി പറയുന്നുണ്ട്.
Post Your Comments