പ്രണയത്തിന്റെ ആകാശങ്ങളിലേക്കും വേര്‍പാടി??ന്റെ ആഴങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോയ ഭാവാര്‍ദ്രഗായകന്‍ ഷഹബാസ് അമന്‍ ‘തമാശ’സിനിമയില്‍ പാടുന്ന പാട്ട് തമാശയൊന്നുമല്ല. മായാനദിയിലെ ഹിറ്റ് ഗാനത്തിനുശേഷം റെക്‌സ് വിജയന്‍ – ഷഹബാസ് അമന്‍ ടീം ഒന്നിച്ച ഗാനം പ്രണയികള്‍ക്ക് കുന്നോളം കിനാവുകാണാനുള്ള പാട്ടുതന്നെയാണ്. പുറത്തിറങ്ങി രണ്ടുദിവസത്തിനകം ഒന്നരലക്ഷത്തോളം പേരാണ് പാട്ടിന്റെ വീഡിയോ കണ്ടത്. എന്നാലിതൊന്നുമല്ല ആ പാട്ടിനെ പ്രശസ്തമാക്കിയത്. ഈ പാട്ടുവന്ന വഴിയെക്കുറിച്ച് ഷഹബാസിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ്.
1879—1975 കാലത്ത് മലബാറില്‍ ജീവിച്ച മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികള്‍ സിനിമയിലെത്തിയ കഥ രസകരമായാണ് പങ്കുവയ്ക്കുന്നത്. ‘പാടി ഞാന്‍ മൂളക്കമാലേ ഒരുപാട്ട് തന്നാലേ’എന്ന ആദ്യവരി ഹൈദറിന്റേതാണെങ്കില്‍ പുതിയ വരികള്‍ ചേര്‍ത്ത് പൂര്‍ത്തിയാക്കിയത് തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരി. ദീര്‍ഘമായ കുറിപ്പിന്റെ ചെറിയ ഭാഗം ചുവടെ.
കാലം: 2014 . ആമിയുടെ അച്ഛന്റെ (ഇ പി ശ്രീനിവാസന്‍ ) മരണത്തോടെ അദ്ദേഹത്തിന്റെ പുസ്തകശേഖരം തൊട്ടടുത്ത ലൈബ്രറിക്ക് കൈമാറുന്നതിന്റെ ഭാഗമായി എടുത്തുനോക്കുമ്പോഴാണ് ഒരു പുസ്തകം കൈയില്‍ തടഞ്ഞത്. പുറംചട്ടയില്‍ത്തന്നെ എഴുതിവച്ചിരിക്കുന്നു നെഞ്ചില്‍ത്തറയ്ക്കുന്ന ആ വാക്ക്. ‘പാടി ഞാന്‍ മൂളക്കമാലേ ഒരുപാട്ട് തന്നാലേ.’ തൊട്ടുതാഴെ അടയാളപ്പെടുത്തിയിരിക്കുന്നു, വിവരങ്ങള്‍. പുലിക്കോട്ടില്‍ ഹൈദര്‍ കൃതികള്‍. എഡിറ്റര്‍– ഡോ. എം എന്‍ കാരശ്ശേരി. പ്രസാധനം: കേരള സാഹിത്യ അക്കാദമി. അപ്പോള്‍ പുസ്തകം അവിടെയെത്തിയ വഴി വ്യക്തമായി.
ശ്രീനിവാസന്‍ സാറും കാരശ്ശേരിയും കൂട്ടുകാര്‍. താന്‍ എഡിറ്റ് ചെയ്ത ഒരു പുസ്തകം കാരശ്ശേരി കൂട്ടുകാരന് കൈമാറി. സിംപിള്‍. 36 കൃതികളും വായിച്ചുകഴിഞ്ഞിട്ടും ആദ്യം കണ്ണില്‍പ്പെട്ട ആ രണ്ട് വരികളില്‍ത്തന്നെ മനസ്സ് കിടന്ന് പൊരിഞ്ഞു. നെഞ്ഞത്തൊട്ടി മൂന്നാംകൊല്ലം ഹാര്‍മോണിയം അതിനെ ഒരുപാട്ടായി പെറ്റിട്ടു. ആ മാസംതന്നെനടന്ന ഒരു ലൈവ് പരിപാടിയില്‍ ആളുകള്‍ക്ക് അത് പാടിക്കൊടുക്കുകയും അവരെക്കൊണ്ടെല്ലാം ഏറ്റുപാടിക്കുകയും ചെയ്തു. രണ്ടേ രണ്ട് വരി. അന്നുമുതല്‍ മനുഷ്യര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് ആ പാട്ട് എന്ന് മുഴുവന്‍ കേള്‍ക്കാന്‍ പറ്റുമെന്ന്. ഒന്നുകില്‍ ഇതൊക്കെ അറിഞ്ഞോ അല്ലെങ്കില്‍ അറിയാതെയോ ആണ് മുഹ്സിന്‍ ഇതിലേക്ക് അവതരിക്കുന്നതും മനോഹരമായി തന്റെ ധര്‍മം പൂര്‍ത്തിയാക്കുന്നതും.
Post Your Comments