KeralaLatest News

വാതില്‍പ്പടി റേഷന്‍ വിതരണം; ടെന്‍ഡറിലെ ഒത്തുകളികള്‍ പൊളിയുന്നു

തൃശൂര്‍ : വാതില്‍പ്പടി റേഷന്‍ വിതരണത്തില്‍ വന്‍ ഒത്തുകളി കണ്ടെത്തിയതിയ സാഹചര്യത്തില്‍ 7 താലൂക്കുകളിലെ ഇടെന്‍ഡര്‍ റദ്ദാക്കാന്‍ സപ്ലൈകോ സിഎംഡിയുടെ ഉത്തരവ്. ടെന്‍ഡറില്‍ ഒത്തുകളി നടന്നെന്നും ബെനാമികളെ ഉപയോഗിച്ച് പഴയ റേഷന്‍ മൊത്തവ്യാപാരി വാതില്‍പ്പടി റേഷന്‍ വിതരണം നടത്തുകയാണെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ലൈകോ വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിഎംഡി എം.എസ്. ജയയുടെ ഉത്തരവ്.

മൊത്തവ്യാപാരികളുടെ ചൂഷണമൊഴിവാക്കാനാണ് സര്‍ക്കാര്‍ നേരിട്ടു കടകളില്‍ റേഷന്‍ എത്തിക്കുന്ന സംവിധാനമായ വാതില്‍പ്പടി വിതരണം ആരംഭിച്ചത്. എന്നാല്‍, പഴയ മൊത്തവ്യാപാരികള്‍ തന്നെ ബെനാമികളെ ഉപയോഗിച്ചു വ്യാപകമായി കരാറുകള്‍ എടുത്തിട്ടുണ്ടെന്നു തൃശൂര്‍ ജില്ലയില്‍ സപ്ലൈകോ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

‘ഇലക്ഷന്‍ അര്‍ജന്റ്’ എന്ന് ബോര്‍ഡ് വച്ച് ചിറ്റിശേരിയിലെ ഗോഡൗണില്‍നിന്നു റേഷന്‍ ഗോതമ്പ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുടുങ്ങിയത് ഇതേ ബെനാമി മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ലോറികളാണെന്നു കണ്ടെത്തിയിട്ടുണ്ട്.തൃശൂര്‍ സ്വദേശി ജിസോ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
തൃശൂര്‍, മുകുന്ദപുരം, തലപ്പിള്ളി, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നീ താലൂക്കുകളില്‍ കഴിഞ്ഞ ഒക്ടോബറിലാണ് വാതില്‍പ്പടി വിതരണത്തിന് ഇടെന്‍ഡര്‍ വിളിച്ചത്.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത 3 പേര്‍ക്കു കരാര്‍ ലഭിച്ചു. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്ത 3 പേരും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ട് നേടാന്‍ സമര്‍പ്പിച്ച ലോറികളെല്ലാം ഒരാളുടേതുതന്നെ. കൂടാതെ അപേക്ഷ തയാറാക്കിയിരിക്കുന്നത് ഒരേ കൈപ്പടയില്‍. 3 പേരും ഓണ്‍ലൈന്‍ വഴി കരാര്‍ രേഖകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരു കംപ്യൂട്ടറില്‍നിന്ന്.ഇത്തരത്തിലുള്ള തെളിവുകളെല്ലാം ലഭിച്ചതോടെ കരാറിനു പിന്നില്‍ ഒത്തുകളിയുണ്ടെന്നും പഴയ റേഷന്‍ മൊത്തവ്യാപാരിയുടെ ബെനാമികളാണ് 3 കരാറുകാരുമെന്ന നിഗമനത്തില്‍ സപ്ലൈകോ വിജിലന്‍സ് എത്തി. സപ്ലൈകോയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button