കൊച്ചി: ആഫ്രിക്കന്‍ തീരത്തുള്ള ഫ്രഞ്ച് അധീനദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടില്‍ അനധികൃതമായി എത്തിയ 120 അംഗ ശ്രീലങ്കന്‍ വംശജരെ ഫ്രഞ്ച് പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഇവരെ കണ്ടെത്തി കസ്‌റ്റഡിയിലെടുത്തത്. ഈ മാസം 15 ന് ഇവരുടെ കേസ് അവിടത്തെ കോടതി പരിഗണിക്കും. ബോട്ട് നിയന്ത്രിച്ചിരുന്ന മൂന്ന് ഇന്തോനീഷ്യക്കാര്‍ക്കെതിരേ അനധികൃത കുടിയേറ്റത്തിന് സഹായിച്ചതിന് കേസെടുത്തിട്ടുണ്ട്.
2018 മാര്‍ച്ചില്‍ 273 ശ്രീലങ്കന്‍ സ്വദേശികള്‍ ഇവിടെയെത്തിയിരുന്നു. ഇതില്‍ 130 പേര്‍ ഇപ്പോഴും അവിടെ തുടരുകയാണ്. ബാക്കിയുള്ളവര്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ അഭയാര്‍ത്ഥി സംരക്ഷണത്തിനായുള്ള പ്രത്യേക ഓഫീസില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌ത് കാത്തിരിക്കുകയാണ്. ഇതില്‍ 60 പേരെ ശ്രീലങ്കയിലേക്ക് തിരികെ അയക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനം. 60 പേരില്‍ മൂന്നു സ്‌ത്രീകളും മൂന്നു കുട്ടികളുമുണ്ട്. പ്രത്യേക വിമാനത്തിലാവും ഇവരെ കയറ്റിവിടുക. മല്‍സ്യബന്ധന ബോട്ടില്‍ നാലായിരം കിലോമീറ്റര്‍ യാത്ര ചെയ്‌താണു റീയൂണിയനിലെത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.
കടത്തുകൂലിയായി രണ്ടായിരം മുതല്‍ മൂവായിരംവരെ യൂറോയാണ് ഏജന്റുമാര്‍ ഈടാക്കിയിരുന്നതെന്ന് അവര്‍ മൊഴിനല്‍കിയിട്ടുണ്ട്.കഴിഞ്ഞ ജനുവരി 12 ന് കൊച്ചി തീരത്തെ മുനമ്പത്തുനിന്നു യാത്ര തിരിച്ചവരാണോ ഇവരെന്നു പരിശോധിച്ചുവരികയാണ്.
ഇന്ത്യന്‍ തീരത്തുനിന്ന് 4020 കിലോമീറ്റര്‍ ദൂരമാണു റീയൂണിയന്‍ ദ്വീപിലേക്കുള്ളത്. മുനമ്പത്തുനിന്നു കടന്നവരെ കണ്ടെത്താന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ബ്ലൂ കോര്‍ണര്‍ നോട്ടീസും ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരുന്നു.
Post Your Comments