തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വല്ലാര്‍പാടത്ത് പുതുതായി സ്ഥാപിച്ച സ്‌കാനിങ് സംവിധാനം. കണ്ടെയ്‌നറുകള്‍ക്കൊപ്പം ഡ്രൈവറും സ്‌കാനിങ്ങിന് വിധേയമാകേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.കഴിഞ്ഞ നവംബറിലാണ് പുതിയ സ്‌കാനിങ്ങ് സംവിധാനം വല്ലാര്‍പാടം ടെര്‍മിനലില്‍ സ്ഥാപിക്കുന്നത്.കണ്ടെയ്‌നര്‍ കയറ്റിയ വാഹനം ഡ്രൈവറാണ് സ്‌കാനിങ് സംവിധാനത്തിലേക്ക് ഓടിച്ചു കയറ്റുന്നത്.
കണ്ടെയ്‌നറിനോടൊപ്പം ഡ്രൈവറും സ്‌കാനിങ്ങിന് വിധേയനാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഡ്രൈവര്‍മാരില്‍ ഉണ്ടാക്കുന്നത്. രാജ്യത്തെ മറ്റ് പോര്‍ട്ടുകളില്‍ എസ്‌ക്ലേലെറ്റര്‍ സംവിധാനം ഉപയോഗിച്ചുള്ള സ്‌കാനറാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം വല്ലാര്‍പാടത്തും കൊണ്ടു വരണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എത്രയും പെട്ടെന്ന് അധികൃതര്‍ ഇടപെട്ടില്ലങ്കില്‍ മനുഷ്യഹാനി വരെ ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ ഭയക്കുന്നത്.
തലക്കറക്കം, തളര്‍ച്ച, ഓര്‍മ്മ നഷ്ട്ടപ്പെടല്‍, ഛര്‍ദ്ദി തുടങ്ങിയവ സ്‌കാനിങ്ങ് കഴിഞ്ഞിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് അനുഭവപ്പെടുന്നു. തീവ്ര രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നതാണ് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. അതീവ അപായ സൂചന നല്കുന്ന ബോര്‍ഡ്, സ്‌കാനറിന്റെ മുമ്പില്‍ തന്നെ സ്ഥാപിച്ചിരിക്കെയാണ് ഒരു സുരക്ഷ സംവിധാനവുമില്ലാതെ ഡ്രൈവര്‍മാര്‍ കൂടി സ്‌കാനിങ്ങിന് വിധേയനാകുന്നത്.കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാഴികള്‍. എന്നാല്‍ തൊഴിലാളികളുടെ ആശങ്ക അടിസ്ഥാനരഹിതമെന്നാണ് വല്ലാര്‍പാടം ടെര്‍മിനല്‍ അധികൃതരുടെ വാദം.
Post Your Comments