ന്യൂഡല്‍ഹി: അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്ന വിഷയത്തില്‍ ഭാഗിക ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന സുരക്ഷാ കോഡ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ രേഖകള്‍ അച്ചടിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നിബന്ധനയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ 2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ച വാഹനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കി.
ഇവ വിപണിയില്‍ എത്തിത്തുടങ്ങിയിട്ടേയുള്ളൂ. മാര്‍ച്ചില്‍ നിര്‍മിച്ച വാഹനങ്ങളാണ് ഏപ്രിലില്‍ വിറ്റത്.
പുതിയ നിബന്ധനകളുടെ സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ ചേര്‍ന്ന ഉന്നതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളുടെ അച്ചടിക്കുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇവ വിതരണംചെയ്ത് തുടങ്ങുമെന്നും ഡീലര്‍മാര്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചു.
ഏപ്രില്‍ ഒന്നുമുതലാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. 70,000 വാഹനങ്ങളാണ് പ്രതിമാസം സംസ്ഥാനത്ത് ഇറങ്ങുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുമെന്നാണ് അറിയിച്ചിരുന്നു. ഇതിനായി ചില ഡീലര്‍മാര്‍ പണവും വാങ്ങി. എന്നാല്‍ നമ്പര്‍പ്ലേറ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വാഹന ഉടമകളെ വലയ്ക്കുകയാണ്.
കേന്ദ്രനിയമപ്രകാരം വാഹനനിര്‍മാതാവാണ് നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത്. ഇത് ഡീലര്‍മാര്‍ ഘടിപ്പിച്ച് നല്‍കണം. എന്നാല്‍, ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഇറങ്ങിയ പുതിയ വാഹനങ്ങള്‍ക്കൊന്നും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിയിട്ടില്ല.
Post Your Comments