Latest NewsIndia

ഫീസായി നല്‍കുന്നത് ഒരുകെട്ട് പ്ലാസ്റ്റിക് മാലിന്യം; ഈ സ്‌കൂള്‍ അല്‍പം വ്യത്യസ്തമാണ്

കാലത്ത് സ്‌കൂളിലേക്ക് പുസ്തകക്കെട്ടകളുമായി പോകുന്ന കുട്ടികളെയാണ് നാം എപ്പോഴും കാണുക. എന്നാല്‍ അക്ഷര്‍ വിദ്യാലയത്തിലെ കുട്ടികള്‍ പഠിക്കാനെത്തുന്നതിന് അല്‍പം വ്യത്യാസമുണ്ട്. രാവിലെ സ്‌കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യവുമുണ്ടാകും ഇവരുടെ കൈകളില്‍. ഇവരുടെ പഠനത്തിനായുള്ള ഫീസായിട്ടാണ് അസമിലെ പാമോഹിയിലുള്ള ഈ വ്യത്യസ്ത വിദ്യാലയം പ്ലാസ്റ്റിക്കുകള്‍ സ്വീകരിക്കുന്നത്.

തണുപ്പു കാലത്തു ചൂടു കായാനായി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്ന ശീലം പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. ഈ സമയത്തു സ്‌കൂളിലും പരിസരത്തുമെല്ലാം വിഷപ്പുക നിറയും. അങ്ങനെയാണു പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ സ്‌കൂളിലെ കുട്ടികള്‍ ബോധവത്ക്കരണം തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ടാണു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വ്യത്യസ്തമായ ഈ ആശയം അക്ഷര്‍ സ്‌കൂള്‍ അവതരിപ്പിച്ചത്.

ഒരു വ്യത്യസ്ത സ്‌കൂള്‍ തുടങ്ങണമെന്ന ആശയവുമായി ന്യൂയോര്‍ക്കില്‍ നിന്ന് 2013 ല്‍ ഇന്ത്യയില്‍ എത്തിയതാണ് മാസിന്‍ മുക്താര്‍. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് എംഎസ്ഡബ്ല്യു കഴിഞ്ഞെത്തിയ പര്‍മിത ശര്‍മ്മ മാസിനു കൂട്ടായെത്തിയതോടെ 2016 ജൂണില്‍ അക്ഷര്‍ സ്‌കൂള്‍ രൂപം കൊണ്ടു.

ഫീസിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല അക്ഷര്‍ സ്‌കൂളിന്റെ വ്യത്യസ്തത. പരമ്പരാഗത പഠന രീതികളില്‍ നിന്നും വിഭിന്നമാണ് ഇവിടുത്തെ കാര്യങ്ങള്‍. നാലു ചുവരുകള്‍ക്കുള്ളിലെ അടച്ചിട്ട ക്ലാസ് മുറികളില്‍ അല്ല, മറിച്ചു മുള കൊണ്ടു നിര്‍മ്മിച്ച വിശാല പൊതുയിടങ്ങളിലാണു പഠനം നടക്കുന്നത്. കുട്ടികളെ തരം തിരിച്ചിരിക്കുന്നത് അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. അറിവിന്റെ തോത് അനുസരിച്ച് വിവിധ തട്ടുകളിലായാണ് പരിശീലനത്തില്‍ അധിഷ്ഠിതമായ അധ്യയനം. എല്ലാം കൊണ്ടും വ്യത്യസ്തമായ അക്ഷര്‍ സ്‌കൂള്‍ ഏവര്‍ക്കുമൊരു മാതൃകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button