കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കേസില്‍ മുഹമ്മദ് ഫായിസും ആഷിഖുമുള്‍പ്പടെ മൂന്ന് പേര്‍ കലക്ടര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കി. കല്യാശേരി പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69,70 ബൂത്തുകളില്‍ കള്ള വോട്ട് ചെയ്തെന്ന പരാതിയിലാണ് ആരോപണ വിധേയരില്‍ നിന്നും മൊഴി എടുത്തത്.മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. ഹിയറിങ്ങില്‍ ഹാജരാകാത്ത പുതിയങ്ങാടി സ്വദേശി അബ്ദുള്‍ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.
കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഫായിസും ആഷിക്കും രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. സെക്ടറല്‍ ഓഫീസര്‍ കൂടിയായ വില്ലേജ് ഓഫീസര്‍ രണ്ടു പേരെയും ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് നേരിട്ട് ഹാജരാകാന്‍ ഇവര്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
ഈ രണ്ടു പേരില്‍ നിന്നും മൊഴി എടുത്ത ശേഷമാണ് പുതിയങ്ങാടിയിലെ അബ്ദുല്‍ സമദ്, കെ എം മുഹമ്മദ് എന്നിവര്‍ക്ക് കൂടി ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുഹമ്മദ് മാത്രമാണ് ഹാജരായത്. മുഹമ്മദും രണ്ടു വട്ടം ബൂത്തില്‍ എത്തിയതായി ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെയും മൊഴിയെടുത്തതിന്റെയും വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
Post Your Comments