കളമശ്ശേരി: നാടന്‍പാട്ട് കലാകാരനേയും ഭാര്യയേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കടുങ്ങല്ലൂരില്‍നിന്ന് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിനെയും ഭാര്യയെയുമാണ് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചത്. കേസില്‍ രണ്ടുപേര്‍ പിടിയിലായി.
എടയാര്‍ സ്വദേശികളായ എടക്കാട്ടില്‍ വീട്ടില്‍ നിധിന്‍ (30), തിട്ടയില്‍ റെനീഷ് (28) എന്നിവരെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഫോക്ലോര്‍ ഫെലോയാണ് പാണ്ഡവാസ് നാടന്‍പാട്ട് ട്രൂപ്പിലെ പ്രധാന ഗായകനായ രജീഷ് മുളവുകാട്.
ഞായറാഴ്ച രാത്രി 12 ഓടെയാണ് സംഭവം. പാണ്ഡവാസ് ട്രൂപ്പിന്റെ കിഴക്കേ കടുങ്ങല്ലൂരിലെ നാടന്‍പാട്ട് പരിപാടി കഴിഞ്ഞ് രജീഷും ഭാര്യയും ബൈക്കില്‍ കണ്ടെയ്നര്‍ റോഡിലുടെ മുളവുകാട് വീട്ടിലേക്ക് പോകുകയായിരുന്നു. പഴയ ആനവാതിലിന് സമീപത്തെ കവലയില്‍ സിഗ്നലില്‍ ഇവരെ കണ്ട നിധിനും റെനീഷും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ തിരിച്ചെടുത്ത് ഇവര്‍ക്കു പിന്നാലെ കൂടി. അപകടപ്പെടുത്തുന്നവിധം കാര്‍ പിറകില്‍ വരുന്നതുകണ്ട് ഭയന്ന രജീഷ് ബൈക്ക് യു ടേണ്‍ എടുത്തപ്പോള്‍ കാറും യുടേണെടുത്തു. കാറിലിരുന്ന് അസഭ്യംപറഞ്ഞുകൊണ്ടാണ് സംഘം പിന്തുടര്‍ന്നത്.
കാര്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ രജീഷ് ബൈക്ക് വീണ്ടും യു ടേണെടുത്ത് ഫാക്ടിന്റെ പുതിയ ആനവാതിലിലെ സെക്യൂരിറ്റി ക്യാബിനിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി. തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായത്തോടെ പുറത്തിറങ്ങിയപ്പോള്‍ പിന്തുടര്‍ന്നെത്തിയവര്‍ കൈയേറ്റത്തിന് ശ്രമിച്ചു. കാര്‍ മുന്നോട്ടെടുത്ത് രജീഷിനെ അപായപ്പെടുത്താനും ശ്രമിച്ചു.
ഒഴിഞ്ഞ് മാറിയ രജീഷ് മൊബൈല്‍ ഫോണെടുത്ത് കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടൊ എടുത്തു. ഇതോടെ സംഘം കാര്‍ ഓടിച്ച് സ്ഥലംവിട്ടു. അപ്പോള്‍ത്തന്നെ രജീഷ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments