Latest NewsKerala

റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണോ? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

കോഴിക്കോട്•മുഖദാര്‍ മുഹമ്മതലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടപോലെ ഈ വര്‍ഷവും അടച്ചിടണമെന്ന് പറയുന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. റംസാന്‍ ആയതിനാല്‍ ഹോട്ടലുകള്‍ മുഴുവന്‍ സമയം അടച്ചിടുകയാണെന്ന് തെറ്റിദ്ധരിച്ചാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌.

പകല്‍ സമയത്തല്ല, രാത്രിയിലാണ് കട അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ പറയുന്നു. ലഹരി ഇടപാടുകളും സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതിനാല്‍ പ്രദേശ വാസികളുടെ ബുദ്ധിമുട്ടികളും കണക്കിലെടുത്ത് രാത്രി ഇത്തരം കടകള്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ബോര്‍ഡ്‌ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നു. ഈയുള്ളവന്‍ അന്നാട്ടിലെ ഒന്നുരണ്ട് പ്രമുഖരെ വിളിച്ച്‌ കാര്യം അന്വേഷിച്ചു. അവര്‍ പറഞ്ഞത്, ഇത് പകല്‍ അടച്ചിടാന്‍ ഉള്ളതല്ല, രാത്രി അടയ്ക്കാനുള്ള പൊതുതീരുമാനമാണ് എന്നാണ്. റംസാനിലെ രാത്രികള്‍ ഈ പ്രദേശത്ത് പകല്‍ പോലെയാണെന്ന് പ്രദേശത്തെ അറിയുന്നവര്‍ക്ക് അറിയാം.

ഭക്ഷണശാലകള്‍ തുറന്നിട്ടിരിക്കും. വിവിധ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ എത്തും. റോഡ് നിറയെ വാഹനങ്ങള്‍ ആയിരിക്കും. എന്നാല്‍, ഇതിന്റെ മറവില്‍ രാത്രിയില്‍ മയക്കുമരുന്നു കച്ചവടവും മറ്റു സാമൂഹിക പ്രശ്നങ്ങളും വളരെ കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതെത്തുടര്‍ന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് രാത്രികാലങ്ങളില്‍ ഭക്ഷണശാലകള്‍ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വര്‍ഷം ഇത് നടപ്പിലാക്കി. ഈ വര്‍ഷവും ഇതേ തീരുമാനം കൈക്കൊണ്ടു എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു, ആ ബോര്‍ഡ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍പ്പിന്നെ ‘രാത്രികാലങ്ങളില്‍ ‘ എന്ന് അതില്‍ പ്രത്യേകം എഴുതിച്ചേര്‍ക്കാമെന്ന് അവരും പറഞ്ഞു. ആയിക്കോട്ടെ.. നല്ലത്

shortlink

Related Articles

Post Your Comments

Related Articles


Back to top button