ഹൈദരാബാദിന്റെ പൈതൃകമായി ആവോളം പ്രകീര്‍ത്തിക്കുന്ന സ്മാരകമായ ചാര്‍മിനാറിലെ തൂണുകളിലൊന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി കൊണ്ട് തൂണിന് ഇടിവ് സംഭവിച്ചത്.
56 മീറ്ററോളം ഉയരമുള്ള നാല് മിനാരങ്ങളില്‍ ഒരു മിനാരത്തില്‍ നിന്നും അപ്രതീക്ഷിതമായ മഴ കാരണം കുമ്മായം അടര്‍ന്ന് വീണതെന്ന് അധികൃതര്‍ അറിയിച്ചു. മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന മിനാരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷ്ണമാണ് അടര്‍ന്നുവീണത്.
ഇതിന് മുന്‍പും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായതിനാല്‍ ഈ സംഭവം ചരിത്ര സ്മാരകങ്ങളുടെ സുരക്ഷയെക്കുറിച്ച് പൈതൃക സ്നേഹികള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാവസ്തു വകുപ്പ് ചാര്‍മിനാറില്‍ അറ്റകുറ്റപണി നടത്തിയെങ്കിലും പിന്നീട് അതിന് തുടര്‍ച്ചയുണ്ടായില്ല. 1591 എ.ഡിയില്‍ ഖുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവ് മുഹമ്മദ് ഖുലി ഖുത്തുബ് ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. തറയില്‍ നിന്നും 160 അടി ഉയര്‍ന്നു നില്‍ക്കുന്ന ചാര്‍മിനാറിന് ആ പേര് ലഭിച്ചത് തന്നെ ചാര്‍മിനാര്‍ എന്ന ഉര്‍ദു വാക്കില്‍ നിന്നാണ്. നാല് തൂണുകള്‍ എന്നാണ് ചാര്‍മിനാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
Post Your Comments