കോട്ടയം: സ്ത്രീകൾ സത്യങ്ങൾ തുറന്നുപറയുമ്പോൾ എതിരെ മതസംരക്ഷകർ നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയാണ് കത്തോലിക്ക പുരോഹിതനായ ഫാ. മാര്ട്ടിന് ആന്റണി. പെണ്‍ചിന്തകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകര്‍ മാത്രമാണെന്നും അത് എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പഴയൊരു ഫിലോസഫിക്കല്‍ പ്രമാണീകരണമുണ്ട്. “അപരിമേയമായതിനെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ് പുരുഷന്മാര്‍ക്കാണുള്ളത്. സ്ത്രീകള്‍ക്കാകട്ടെ പരിമിതമായവകളെ വിവേചിക്കുക എന്ന കഴിവ് മാത്രമേയുള്ളൂ”. അപരിമേയത, അനന്തത, നിത്യത, ദൈവം, ഇവകളെല്ലാം പുരുഷന്റെ കുത്തകകളാണ്. അങ്ങോട്ടൊന്നും താത്ത്വിക വിചാരങ്ങളുമായി സ്ത്രീകള്‍ കടന്നു വരരുത്. അവര്‍ ഇവിടെ ഇന്ദ്രിയഗോചരമായ ചില വിഷയങ്ങളില്‍ രമിച്ചാല്‍ മാത്രം മതി. ഇതാണ് മുകളില്‍ കുറിച്ച ആ പ്രമാണീകരണത്തിന്റെ പച്ചയായ ഭാഷ്യം. ആ വരികളില്‍ പുരുഷമേധാവിത്വ ഗര്‍വിന്റെ ചരിത്രമുണ്ട്. ദൈവത്തെ പുല്ലിംഗമാക്കിയതിന്റെ തന്പോരിമയുണ്ട്. സ്ത്രീകളെ അരിക് വല്‍ക്കരിച്ച കുടിലതയുണ്ട്. അതുകൊണ്ടെന്താ. “നീ പെണ്ണല്ലേ? നീ വലിയ കാര്യം ഒന്നും സംസാരിക്കണ്ട”. “ഞങ്ങള്‍ പറയും നീ കേട്ടാല്‍ മതി”. ഇങ്ങനെയുള്ള ചെവിട്ടോര്മ്മകള് പെണ്ണ് എവിടെയുണ്ടോ അവിടെയെല്ലാം വാക്കുകളായി മാത്രമല്ല നോട്ടമായും മനോഭാവമായും നിശബ്ദതയായും ആംഗ്യമായും ആചാരമായും നിറയുവാന്‍ തുടങ്ങി. അങ്ങനെ ചരിത്രം പുരുഷന്റേതു മാത്രമായി പന്തലിച്ചു.
ചരിത്രത്തില്‍ പെണ് ചിന്തകളെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകര്‍ മാത്രമാണ്. അത് എല്ലാ മതത്തിലും സംഭവിച്ചിട്ടുണ്ട്. ക്രിസ്തു മതത്തെ സംബന്ധിച്ച സ്ത്രീയെ അരിക് വല്ക്കരിക്കുക എന്ന സംഗതി തുടക്കംമുതല്‍ തന്നെ ഉണ്ടായിട്ടുണ്ട്. മഗ്ദലനമറിയം അതിന്റെ ഒരു ഉദാഹരണമാണ്. അപ്പോള്‍ ചോദിക്കാം ക്രിസ്തുമതം ഉയര്‍ത്തിക്കാണിക്കുന്ന അമ്മ സങ്കല്പത്തെക്കുറിച്ച്. അമ്മ സങ്കല്പം മറിയത്തിന് നല്‍കിയിരിക്കുന്ന വലിയൊരു പ്രിവിലേജാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ നോക്കുമ്ബോള്‍ അത് പുരുഷാധിപത്യത്തിലേക്ക് നോട്ടം പതികാതിരിക്കുന്നതിനു വേണ്ടിയുള്ള ഒരു കോലമാണ് എന്നു പറയാം. അതിന് ആദിമകാലത്ത് ഉണ്ടായിരുന്ന മറിയത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. മറിയം എളിമയുള്ളവളാണ്. അനുസരണയുള്ളവളാണ്. നിശബ്ദയാണ്. സഹിക്കുന്നവളാണ്. അനുസരിക്കാന്‍ പഠിപ്പിക്കുന്നവളാണ്. അങ്ങനെയങ്ങനെ പോകുന്നു. പക്ഷേ, “ഇതെങ്ങനെ സാധിക്കും” എന്ന് ചോദിച്ച അവളുടെ ധൈര്യത്തെ കുറിച്ച് പഠിപ്പിക്കുവാന്‍ ആരും അന്ന് തുനിഞ്ഞില്ല. എന്തുകൊണ്ട് ആ ധൈര്യത്തെ കുറിച്ചൊന്നും പഠിപ്പിച്ചില്ല എന്ന് ചോദിക്കരുത്. അതിനു പിന്നിലുണ്ടായിരുന്നത് ഒരു തന്ത്രമായിരുന്നു. സ്ത്രീ ഞങ്ങള്‍ക്ക് മറിയത്തെ പോലുള്ള അമ്മയാണെന്ന് പറയുകയും അവളെ അരങ്ങിലേക്ക് അടുപ്പികാതിരിക്കുകയും ചെയ്യുന്ന തന്ത്രം. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന ആദ്യ ആത്മീയ പാഠം നിശബ്ദമായി സഹിക്കുക എന്നതായിരുന്നു. കര്ട്ടന് പിന്നില്‍ നിന്നാല്‍ മതി മുന്നിലേക്ക് വരേണ്ട. നിശബ്ദയാകുക. സഹിക്കുക. പിന്നെ ഒരു കാര്യം കൂടി ഉണ്ടായിരുന്നു. അത് ചിന്തിക്കരുത് എന്നതായിരുന്നു. ചിന്തിക്കുക എന്നത് സ്ത്രീകള്‍ക്ക് നിരോധിച്ചിരിന്ന ഒരു കാര്യമായിരുന്നു.
ആദ്യത്തെ ഗണിതശാസ്ത്രജ്ഞയും തത്വചിന്തകയും ആയ ഹൈപ്പേഷ്യയുടെ കൃതികള്‍ നശിപ്പിക്കുന്നതിനും അവളുടെ മരണത്തിന് കാരണക്കാരനായതും അലക്സാണ്ട്രിയായിലെ സിറില്‍ ആയിരുന്നുവെന്ന കാര്യം ഉബര്ത്തോ ഏക്കോയുടെ ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. നോക്കുക, അലക്സാണ്ട്രിയായിലെ സിറില്‍ ഇന്ന് വേദപാരംഗതനായ ഒരു വിശുദ്ധനാണ്! പുരുഷന്റെ വിശുദ്ധി എന്ന സങ്കല്പത്തില് സ്ത്രീയേയും അവളുടെ ചിന്തകളേയും പാപവും പാപാത്മകവുമായിട്ടെ എല്ലാ മതങ്ങളും കരുതിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഒരു Historia mulierum അഥവാ ഒരു സ്ത്രീ ചരിത്രത്തിനായി തുനിഞ്ഞാല്‍ അവരുടെ ചിന്തകള്‍ കത്തിച്ചാമ്ബലായ ചാരങ്ങള്‍ ആയിട്ടേ കാണുവാന്‍ സാധിക്കൂ. ഹൈപ്പേഷ്യയെ പോലെ അവരുടെ പേരുകള്‍ നമുക്ക് കിട്ടും. പക്ഷേ അവരുടെ ചിന്താസംഹിതകള് ഒന്നും തന്നെ ലഭിക്കില്ല. സഭയുടെ ചരിത്രത്തില്‍ സ്ത്രീകളുടെ ആഴമായ ചിന്തകളെ അംഗീകരിക്കാന്‍ തുടങ്ങിയത് തന്നെ മധ്യ കാലഘട്ടത്തിനു ശേഷമായിരുന്നു. സിയന്നയിലെ കാതറിന്റെ ചിന്തകള്‍ അപരിമേയതയുടെ മേലുള്ള പുരുഷാധിപത്യത്തെ തകര്ക്കുന്നവകളായിരുന്നു.
ദൈവികമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് എന്ത് കാര്യം എന്ന് ചോദിക്കുന്നത് ചില ആചാര സംരക്ഷകര്‍ മാത്രമല്ല. തത്വശാസ്ത്രവും ദൈവശാസ്ത്രവുമൊക്കെ പഠിച്ച ചില അജപാലകരുമുണ്ട് നമ്മുടെയിടയില്‍. തത്വശാസ്ത്രവും ദൈവശാസ്ത്രവും ബൈബിളുമൊക്കെ സ്ത്രീകള്‍ അല്ലെങ്കില്‍ സിസ്റ്റേഴ്സ് പഠിക്കുന്നു എന്ന് കാണുമ്ബോള്‍ കുരു പൊട്ടുന്ന ചില ഇടയന്മാര്. ഒരുദാഹരണം ഇതാ. കഴിഞ്ഞദിവസം ബൈബിളില്‍ ഉന്നതപഠനം നടത്തുന്ന ഒരു സിസ്റ്റര്‍ അവരുടെ വാട്സാപ്പ് സ്റ്റാറ്റസ് ആയി ഒരു വരി എഴുതി. അത് ഇതാണ്, “The absence of the feminine voice and perspective impoverishes debate and the Church’s journey, depriving discernment of a precious contribution”. അതിനുശേഷം ചില സഭാ സംരക്ഷകര്‍ വട്ടു പിടിച്ചത് പോലെയാണ് ആ പാവത്തിനോട് പെരുമാറുന്നത്. “എന്താണ് നിന്റെ ഉദ്ദേശം?” “നീ സഭയെ മോശമായി ചിത്രീകരിക്കാന്‍ ആണോ ശ്രമിക്കുന്നത്?” ചോദ്യങ്ങള്‍ ഇങ്ങനെ വരുകയാണ്. സത്യം പറഞ്ഞാല്‍ ആ വരികള്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളാണ്. പക്ഷേ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. അവരെ സംബന്ധിച്ച് ഒരു സിസ്റ്റര്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ല എന്നതാണ്. ഒരു സ്ത്രീ ആഴമായ വിഷയങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കരുത്. സിസ്റ്റര്‍മാരൊക്കെ വലിയ വലിയ കാര്യങ്ങള്‍ ഒന്നും പറയണ്ട അവര്‍ ഇങ്ങനെ പാട്ടുംപാടി കൊന്തയും ചൊല്ലി നടന്നാല്‍ മതി.
ഞാന്‍ ആലോചിക്കുകയായിരുന്നു. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഡോക്ടറേറ്റ് നേടിയ ഒത്തിരി കന്യാസ്ത്രീമാര്‍ മലയാള മണ്ണിലുണ്ട്. പക്ഷേ നല്ല ശതമാനവും നിശബ്ദതയുടെ മേഘപടലത്തില്‍ വസിക്കുകയോ അല്ലെങ്കില്‍ ഭരണചക്രത്തിന്റെ സ്റ്റീയറിങ്ങുമായി മല്ലിടുകയുമാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും അവരുടെ ചിന്തകളും ശ്രവിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അതിനായി ഒരു കോമണ്‍ ഫോറം ഉണ്ടാകണം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉയര്‍ന്നു വരട്ടെ. അവരുടെ ഉയര്‍ച്ചയില്‍ കുരു പൊട്ടുന്നവര് പരസ്പരം പുറം മാന്തി സുഖം അനുഭവിക്കട്ടെ.
https://www.facebook.com/martinodem/posts/10214608041459998
Post Your Comments