Latest NewsKerala

‘പാര്‍വതിയെ എറിഞ്ഞു തകർക്കാം എന്ന് കരുതിയവർക്ക് തെറ്റി’ – സംവിധായിക വിധു വിൻസെന്റ്

മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച നടിയാണ് പാർവതി തിരുവോത്ത് .അതിന്റെ പേരിൽ ഏൽക്കേണ്ടി വന്ന പ്രതിഷേധങ്ങളും ചെറുതല്ല.പാർവതിയുടെ സിനിമകളെ ബഹിഷ്‌ക്കരിക്കുക എന്ന ക്യാമ്പയിൻ വരെ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു.എന്നാൽ ‘ഉയരെ’ എന്ന ചിത്രത്തിലൂടെ തനിക്കെതിരെ ഉയർന്ന കൈകളെയും നാവുകളെയും അഭിനയ മികവിലൂടെ നിശബദ്ധമാക്കിയിരിക്കുകയാണ് പാർവതി.ഉയരയിലെ താരത്തിന്റെ അഭിനയ മികവിനെ പുകഴ്ത്തി മന്ത്രി കെ കെ ശെെലജ, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവർക്ക് പുറകെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായിക വിധു വിന്‍സന്‍റും പാര്‍വതിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാമെന്നും പാർവതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനമെന്നുമാണ് വിധു വിന്‍സെന്റ് ഫേസ് ബുക്കിൽ കുറിച്ചത്.

വിധു വിന്‍സെന്‍റിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നടി പാർവ്വതിക്ക് ഏല്ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാൾ മലയാള സിനിമയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളിൽ എത്തിച്ചത് പാർവ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.

എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാർവ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെർഗ, ഷെഗ് ന സഹോദരിമാർക്കും അഭിവാദ്യങ്ങൾ.. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താൻ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകൾക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാർപ്പു ശീലങ്ങളിൽ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളിൽ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതിൽ ഒരു പാട് സന്തോഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button