കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. തന്റെ രാജ്യത്തെ വെറുതെവിടണമെന്ന് ആ സംഘടനയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ സ്ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് എന്നാണെന്ന് സിരിസേന അഭിപ്രായപ്പെട്ടതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു സംഘം ശ്രീലങ്കക്കാര്‍ വിദേശത്ത് പോയി ഐഎസില്‍ നിന്ന് പരിശീലനം നേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി വീണ്ടും സ്ഫോടനങ്ങളുണ്ടാകാനിടയുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും മറ്റ് സുരക്ഷാവിഭാഗങ്ങളും.
അതേസമയം ശ്രീലങ്കയില്‍ പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ് പരസ്യമായ കുര്‍ബാന താത്കാലികമായി നിര്‍ത്തിവെച്ചത്. സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments