കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ശ്രീലങ്കയില്‍ നിരോധിച്ചു. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ ഡയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടിവിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തേ ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവി നിരോധിച്ചത്.
സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി അദ്ദേഹം മലേഷ്യയിലേയ്ക്ക് പോയി. ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല എന്നും, സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നുമാണ് സാക്കിര്‍ നായിക്ക് പറയുന്നത്.മാധ്യമങ്ങള്‍ തന്റെ പ്രസംഗങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്തു. ഇതിലൂടെയാണ് താന്‍ തീവ്രവാദിയും കള്ളപ്പണം വെളുപ്പിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടതെന്നും സാക്കിര്‍ നായിക് പറയുന്നു. നേരത്തേ മലേഷ്യയില്‍ നിന്ന് മുംബൈയിലുള്ള ദൂതന്‍ വഴി അയച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
Post Your Comments