തൃശൂര്‍: മതില്‍ക്കെട്ടിനുള്ളില്‍ തല കുടുങ്ങിപ്പോയ നായയെ മൃഗസ്‌നേഹികള്‍ രക്ഷിച്ചു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപമാണ് സംഭവം. ഇവിടുത്തെ കോണ്‍ക്രീറ്റ് മതിലിന്റെ ഡ്രൈനേജ് പൈപ്പില്‍ നായയുടെ കഴുത്ത് കുടുങ്ങുകയായിരുന്നു. തല ഒരു ഭാഗത്തും ഉടല്‍ മറുഭാഗത്തുമായി മതിലിനുള്ളില്‍ മണിക്കൂറുകളോളം ഈ നായ കുടുങ്ങിക്കിടന്നു.
പുലര്‍ച്ചെ 3 മണി മുതല്‍ നായ അസാധാരണമായി കുരയ്ക്കുന്നത് സമീപവാസികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നായയുടെ തല മതിലില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയതോടെ സമീപവാസികള്‍ തൃക്കൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ വിളിച്ചുവരുത്തി. അബ്ദുള്‍ റസാക്ക് സമീപവാസിയായ വിനീഷിനെയും വിളിച്ചു വരുത്തി. പട്ടിയെ മതിലില്‍ നിന്ന് രക്ഷിക്കാന്‍ അബ്ദുള്‍ റസാക്കും സമീപവാസികളും രാവിലെ ഏഴുമണി മുതല്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
നായയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പുതുക്കാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും അവര്‍ അനുകൂലമായി പ്രതികരിച്ചില്ല. ഇത്തരം വിഷയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഗ്‌നിശമന സേന അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതോടെ മതില്‍ പൊളിച്ച് നായയെ രക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന് സ്ഥലം ഉടമ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ മതില്‍ പൊളിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് കട്ടര്‍ ലഭിക്കാന്‍ വൈകുമെന്ന് മനസിലാക്കിയ അബ്ദുള്‍റസാക്കും സമീപവാസിയും ചേര്‍ന്ന് അവസാന ശ്രമം എന്ന നിലയില്‍ നായയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി, നീക്കി തല പൈപ്പില്‍ നിന്ന് വിദഗ്ധമായി ഊരിയെടുത്തു. പ്രളയകാലത്ത് വെള്ളം ഒഴുകുന്നതിന് തടസമായതോടെ ഇവിടെ മുന്‍പ് ഉണ്ടായിരുന്ന മതില്‍ തകര്‍ന്നുവീണിരുന്നു. പിന്നീട് മതില്‍ പണിതപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ഇതിന്റെ അടിയില്‍ ഒരു വലിയ പൈപ്പ് ഇട്ടിരുന്നു. ഇതിലാണു നായയുടെ തല കുടുങ്ങിയത്.
Post Your Comments