ചെന്നൈ: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോമതി മാരിമുത്തുവിന് സഹായവുമായി നടന്‍ വിജയ് സേതുപതി. തമിഴ്‌നാട് സ്വദേശിയായ ഗോമതി ദുരിതങ്ങളോട് പടവെട്ടിയ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ജീവിതകഥ കേട്ടറിഞ്ഞ വിജയ് സേതുപതി അഞ്ചുലക്ഷം രൂപയാണ് ഗോമതിക്ക് സമ്മാനിച്ചത്. ഷൂട്ടിങ് തിരക്കിനായതിനാല്‍ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ വഴിയാണ് താരം തുക കൈമാറിയത്. നേരത്തെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കി.
പ്രതിസന്ധികള്‍ നിറഞ്ഞ ഗോമതിയുടെ കഴിഞ്ഞകാലം ജീവിതം ആരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുമായിരുന്നു. ആ ജീവിതത്തെക്കുറിച്ച് ഗോമതി പറയുന്നതിങ്ങനെ ‘അച്ഛനായിരുന്നു കരുത്ത്. എന്നാല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്‌കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും. പലപ്പോഴും ഭക്ഷണം വീട്ടില്‍ കുറവായിരുന്നു. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാനും പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന്‍ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന്‍ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മിയലെത്തും. ഈ നിമിഷത്തില്‍ എന്റെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛന്‍. ഗോമതി പറയുന്നു. ഗോമതിയുടെ ഈ വാക്കുകള്‍ കേള്‍ക്കാനിടയായതോടെയാണ് വിജയ് സേതുപതി അഞ്ചുലക്ഷം രൂപയുടെ സഹായം നല്‍കിയത്.
Post Your Comments