മലയാളിയുടെ സിനിമാഭ്രമത്തെ ആവോളം വിരുന്നൂട്ടിയ ഉദയാ സ്റ്റുഡിയോ കണ്‍മുന്നില്‍നിന്ന് മായുന്നു. സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ ഓരോന്നായി ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയാണ്. കല്യാണമണ്ഡപമാണ് ഇനി ഇവിടെ ഉയരുക.
സ്റ്റുഡിയോ വളപ്പില്‍ കലാകാരന്‍മാരും നാട്ടുകാരും ആരാധിച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം കഴിഞ്ഞദിവസം നീക്കി. ഉദയായുടെ അടയാളമായ, ഭൂഗോളത്തിന്റെ മുകളില്‍ പൂവന്‍കോഴിയുടെ പ്രതിമ നേരത്തെ നീക്കംചെയ്തിരുന്നു. പഴയ ഉടമസ്ഥര്‍ ഇവിടം സീരിയലുകളുടെ ചിത്രീകരണത്തിനും മറ്റുമായി വാടകയ്ക്ക് നല്‍കിയിരുന്നു. പലയാളുകളുടെ കൈമറിഞ്ഞ് ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയില്‍ സ്റ്റുഡിയോ എത്തിയത് അടുത്തിടെയാണ്.
മലയാളസിനിമയെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പറിച്ചുനടുകയെന്ന ചരിത്രദൗത്യവുമായി നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയും വിതരണക്കാരനായ കെ വി ജോഷിയും ചേര്‍ന്നാണ് പാതിരപ്പള്ളിയില്‍ 1947ല്‍ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചത്. അതിനും അഞ്ചുവര്‍ഷം മുമ്പേ കുഞ്ചാക്കോ സിനിമാനിര്‍മാണ കമ്പനിയായ ഉദയാ പിക്‌ചേഴ്‌സ് സ്ഥാപിച്ചിരുന്നു. ഉദയാ നിര്‍മിച്ച വടക്കന്‍പാട്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
ശവക്കോട്ടപ്പാലത്തിനടുത്തുള്ള കുടുംബവക കയര്‍ഫാക്ടറി നോക്കി നടത്താനും അബ്കാരി ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമായിരുന്നു കുട്ടനാട്ടുകാരനായ കുഞ്ചാക്കോ ആലപ്പുഴയിലെത്തുന്നത്. സിനിമാക്കാരന്‍ ആലപ്പി വിന്‍സന്റ് തമിഴ് സ്വാധീനമില്ലാത്ത മലയാളസിനിമയെന്ന സ്വപ്‌നം മാറോടണച്ച് നടന്നകാലം. അതിന് അദ്ദേഹം മുന്‍മന്ത്രി ടി വി തോമസിന്റെ സഹായം തേടി. ഇവരുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ആലപ്പുഴ ലത്തീന്‍ പള്ളിക്ക് സമീപം വാടകക്കെട്ടിടത്തില്‍ ഉദയാ പിക്‌ചേഴ്‌സ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം മുന്നോട്ടുപോകാനായില്ല. അങ്ങനെയാണ് അവര്‍ കുഞ്ചാക്കോയെ ഈ പാതയിലേക്കുകൊണ്ടുവന്നത്. പാതിരപ്പള്ളിയിലെ കുഞ്ചാക്കോയുടെ 35 ഏക്കറില്‍ 1947ലെ ക്രിസ്മസ് ദിനത്തിലാണ് ഉദയയ്ക്ക് തറക്കല്ലിട്ടത്.
Post Your Comments