ചേര്‍ത്തല: ഒന്നേകാല്‍ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സൈ്വരജീവിതത്തിന
തടസ്സമായതിനാലാണെന്ന് അമ്മ ആതിര മൊഴിനല്‍കി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്ന് ആതിര പൊലീസിനോട് പറഞ്ഞിരുന്നു.
കുഞ്ഞ് രാത്രി ഉണരുമ്പോള്‍ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുള്‍പ്പെടെ സൈ്വരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തില്‍ കുഞ്ഞിനോടു ദേഷ്യം വച്ചുപുലര്‍ത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8ാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണ്‍-ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകള്‍ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നല്‍കി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തല്‍.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസി ശ്യാമയുടെ വീട്ടിലെത്തിയ ആതിര കുഞ്ഞിന് അനക്കമില്ലന്ന് അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചിട്ട് ഒന്നരമണിക്കൂര്‍ ആയെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ആതിരെയെകുറിച്ച് നാട്ടുകാര്‍ക്കൊന്നുംതന്നെ നല്ല അഭിപ്രായമല്ല പറയാനുള്ളത്. വീട്ടുകാരെ ചീത്തവിളിക്കുന്നതും കുഞ്ഞിനെ ഉള്‍പ്പെടെ മര്‍ദിക്കുന്നതും ആതിരയുടെ സ്ഥിരം സ്വഭാവമായിരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷാരോണും ഭര്‍തൃമാതാവ് പ്രിയയും ചെമ്മീന്‍ പീലിങ് ഷെഡ്ഡില്‍ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ഷാരോണിന്റെ സഹോദരി ശില്‍പയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. വഴക്കിനിടയില്‍ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയല്‍വീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു. തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയല്‍വാസികളില്‍ ചിലര്‍ പറഞ്ഞു. പല മോഷണങ്ങളും ആതിര നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു
ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ആതിരയെ റിമാന്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍ പിന്നീടു കസ്റ്റഡിയില്‍ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണം സംഭവിച്ച വീട്ടില്‍ ഇന്നലെ ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആതിരയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാല്‍ തെളിവെടുപ്പും തുറന്ന കോടതിയില്‍ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.
Post Your Comments