Latest NewsArticleKeralaIndiaNews StoryWriters' Corner

മൂക്കുത്തി പ്രേമം മൂലം മൂന്നു വട്ടം മൂക്ക് കുത്തി, 17 കുത്ത് ഏറ്റുവാങ്ങിയ ദുരന്ത അനുഭവം പങ്കുവെച്ച് യുവതി

വലിയ ഒരു ആഗ്രഹം ആയിരുന്നു മൂക്ക് കുത്തുക എന്നത്…കാത് തന്നെ കുത്തിയത് ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ.. അച്ഛന് ഇഷ്ടമല്ലായിരുന്നു കാത് കുത്തണത്..അമ്മയുടെ വയറ്റിൽ ഞാൻ ഉള്ളപ്പോൾ തന്നെ പറയുമായിരുന്നത്ര പെൺകുട്ടി ആണേൽ കാത് കുത്തില്ലന്ന്..ഒപ്പനക്ക് മണവാട്ടി ആകാൻ നേരം പച്ചക്കല്ലുകൾ ഉള്ള കാതിൽ ക്ളിപ്പ് പോലെ ഘടിപ്പിക്കുന്ന കമ്മൽ അയലത്തെ ആശ ചേച്ചി ടെ അച്ഛൻ ഗൾഫിൽ നിന്നും സമ്മാനിച്ചത് ഒട്ടിച്ചായിരുന്നു നിന്നിരുന്നത്..അതിലൊന്ന് എവിടെയോ കളഞ്ഞു പോയത് ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു നീറ്റൽ…ആരും കാണാതെ തനിയെ കട്ടകാരയുടെയും നാരകത്തിന്റെയും മുള്ള് വച്ച് കാതു കുത്തി നോക്കി ചോര പൊടിപ്പിക്കുമായിരുന്നു..

കമ്മൽ ഇടാനുള്ള എന്റെ സ്വാതന്ത്ര്യം നിഷേധിച്ച അച്ഛനോട് ചില നേരം വാശി തീർക്കാൻ ഈ മുള്ളു പ്രയോഗം ആവർത്തിച്ചു.. അങ്ങനെ 7 തരത്തിൽ ആയപ്പോൾ അച്ഛമ്മ ഓഫീസിൽ നിന്നും എത്തിയത് ഒരു ജോഡി കമ്മലുമായാണ്…ഒരുപാട് ബഹളത്തിനും പട്ടിണി കിടപ്പിനും പ്രതിഷേധത്തിനും വലൃ പപ്പയുടെ ഇടപെടീൽ മൂലമൊക്കെ അച്ഛൻ അയഞ്ഞു കാത് കുത്താൻ സമ്മതിച്ചു.. അങ്ങനെ പോയി കാതു കുത്തി.. വേദന ഒന്നും അപ്പോൾ പ്രശ്നമായി തോന്നിയില്ലാ..കൂട്ടുകാരിടെ അച്ഛൻ അയ്യപ്പ തട്ടാൻ ആണ് കാതു കുത്തിയത്. പഴുക്കാതിരിക്കാൻ ഉപ്പും വെളിച്ചെണ്ണ യും ചൂടാക്കി ചെറു ചൂടൊടെ ധാര കോരി…

അതിനു ശേഷം പത്താം തരത്തിൽ എത്തിയപ്പോൾ ഇവിടെ പുതിയ ജൂലറി തുടങ്ങി,വലൃപപ്പയുടെ അടുത്ത കൂട്ടുകാരൻ.. ഉദ്ഘാടനത്തിന് എല്ലാവരും കൂടി പോയി,അപ്പോൾ എനിക്കു ഒരാഗ്രഹം മേക്കാത് കുത്തണം..വലൃ പപ്പ എന്റെ എല്ലാ ആഗ്രഹത്തിനും കൂട്ടു നില്ക്കുന്ന ആളാണ്..അങ്ങനെ അവിടെ വച്ച് മേക്കാത് കുത്തുന്നു..ആദൃത്തേത് കുത്തിയപ്പോഴേ കാലിന്റെ തള്ള വിരലിൽ പൊങ്ങി ചെവി തോളോട് ചേർത്ത് ആആആആആആആആആആ എന്ന് ഒരു അലർച്ച.. ..തട്ടാൻ നിമിഷ നേരം കൊണ്ട് ആ കാതിലെ കമ്മലിന്റെ ആണി ഇട്ടിരുന്നു.. അലർച്ചക്ക് ഒരു ബ്രക്ക് കൊടുക്കാൻ അയാൾ മാറിയതും ഞാൻ ഇറങ്ങി കോന്നി ചന്ത വഴി എന്റെ വീട്ടിൽ നൂറു കിലോമീറ്റർ സ്പീഡിൽ എത്തി…

അടുത്ത കമ്മലുമായി തിരിഞ്ഞ തട്ടാന് എന്റെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ലാ..പിന്നീട് മനസ്സിലായി അന്നരത്തെ വേദനയെ ഉള്ളു എന്ന്.പിന്നെ രണ്ട് ദിവസം കഴിഞ്ഞു അടുത്ത കാത് കുത്താനായി പോയത്..പള്സ് ടൂ ആയപ്പോൾ മേക്കാത് പ്രേമം തീർന്നു..ഊരി മാറ്റി….മൂക്കുത്തി പ്രേമം തുടങ്ങിയത് കണക്ക് പഠിപ്പിക്കുന്ന ടീച്ചറിന്റെ മൂക്കിലെ വെളളാരം കല്ലിന്റെ വെട്ടി തിളങ്ങുന്ന തെളിച്ചത്തിൽ നിന്നാണ്…മൂക്കുത്തി എന്ന് കേൾക്കുമ്പോൾ തന്നെ വീട്ടുകാരുടെ ഡയലോഗ് പശൂന് മൂക്കുകയർ ഇടുന്നതിന് പകരം ആണോ, തമിഴത്തികളാണത്ര ഇതൊക്കെ ഇടണേ,എന്നൊക്കെ.. എന്തായാലും മോഹം ഉള്ളിലടക്കി,അങ്ങനെ ചച്ചു ഒന്നര വയസ്സ് കഴിഞ്ഞു,ജീവിതം ഇങ്ങനെ ആടിയുലഞ്ഞ് നീങ്ങുവാണ്..അപ്പോൾ വീണ്ടും മൂക്കുത്തി പ്രേമം ഉണർന്നു..

ഒന്നും നോക്കാതെ പോയി 650 രൂപ കൊടുത്തു ഒരു കടുകുമണിയുടെ അത്രയും വരുന്ന കടൽ നീല കളറുള്ള നക്ഷത്ര ഷേപ്പിലുള്ള കല്ലു വച്ച മൂക്കുത്തി വാങ്ങി…ആരുമറിയാതെ കുത്തിക്കാം..വലിയ കല്ല് ആയാൽ പെട്ടെന്ന് കണ്ടു പിടിക്കും,അതിനാണ് ചെറുത് എടുത്തത്.കൂട്ടുകാരിയുടെ അച്ഛന്റെ അടുത്ത് തന്നെ പോയി കുത്തിച്ചു.സാധാരണ എല്ലാവരും ഇടതു സൈഡിൽ ആണല്ലോ മൂക്ക് കുത്താറ്..ഞാൻ വലതു സൈഡിൽ കുത്തി, വേറൊന്നുമല്ല മധുര പതിനാറിൽ ഒരു മുഖക്കുരു സമ്മാനിച്ച ഒരു ചെറിയ ഗട്ടർ പോലൊരു പാട് അവിടുണ്ടായിരുന്നു..അതും അങ്ങ് ഒളിപ്പിക്കാമല്ലോ എന്ന്കരുതി അവിടെ തന്നെ കുത്തി.തള്ള വിരലില് പൊങ്ങുന്ന വേദന..മാംസത്തിൽ തട്ടാന്റെ സൂചി കുത്തി ഇറങ്ങുന്ന കിരുകിരുപ്പ് നമുക്ക് അറിയാം..മൂക്കിന് ചെവിയേക്കാൾ കട്ടിയുണ്ടല്ലോ.

വീട്ടിൽ ആരും അറിഞ്ഞില്ലാ..അമ്മ വിചാരിച്ചത് എന്നത്തെയും പോലെ വല്ല പൊട്ടോ കല്ലോ ഒട്ടിച്ചു നടക്കുവാണെന്ന്..രാത്രി ആയപ്പോൾ മൂക്കുത്തി താണ് താണ് ഈ ഗട്ടറിൽ കൂടി അകത്തേക്ക് പോകണ്..അത്ര തീരെ പൊടി കല്ലാണേ…ഉറങ്ങണതു വരെ ഞാൻ തള്ളി വിട്ടോണ്ടിരുന്നു..രാവിലെ ഉറക്കത്തിൽ നിന്നും മൂക്കുത്തി ഓർമ്മയിൽ ചാടി എഴുന്നേറ്റ് മൂക്കുത്തി തപ്പിയ ഞാൻ ഞെട്ടിപ്പോയി..സംഭവം കാണണില്ല..അയ്യോ ഓടിവായോ എന്റെ മൂക്കുത്തി കാണണണില്ലേയെന്നുള്ള അലമുറ കേട്ട് പൂവാലി പശുവിന്റെ അകിടിൽ ഞാന്ന് കിടന്ന് പാലൂറ്റിയിരുന്ന അമ്മ ഓടി വന്നു…പറമ്പിൽ രാവിലെ കിളച്ചു മറിച്ച് എക്സർസൈസ് ചെയ്യണ അച്ഛനും കൂന്താലിയുമായി നിന്ന നില്പിൽ എത്തി….

അങ്ങനെ ഞാൻ രഹസൃമായി മൂക്കുകുത്തിയത് പരസൃമായി..എന്റെ നിലവിളിയുടെ കാരണമറിഞ്ഞ് കൂന്താലിയുമായി വന്ന സ്പീഡിൽ തന്നെ ഇറങ്ങി ആ ദേഷൃം തീർക്കാൻ അച്ഛൻ പറമ്പ് മുഴുവൻ കൊത്തി കിളച്ചു അമ്മ ഇങ്ങോട്ട് കാണിച്ചേടിയെന്നും പറഞ്ഞു തൊണ്ടിപ്പഴം പോലെ നീര് വച്ച എന്റെ മൂക്ക് പിടിച്ചു വലിച്ചു മുകളിലേക്ക് ഒക്കെ പൊക്കി ഒരു ഗവേഷണം.  ഹോ ജീവൻ പോയ പോലെ…എന്തിനാടി ഒരെടം മാത്രമായി കുത്തിയെ അപ്പുറത്തൂടെ ഒന്ന് കുത്തി ഒരു ചങ്ങല കൂടി ഇടരുതായിരുന്നോ എന്നൊക്കെ പിറപിറുത്തോണ്ടിരുന്നു..എന്തായാലും കുത്തി തന്ന തട്ടാനെ തന്നെ കാണിക്ക് എന്നും പറഞ്ഞു അമ്മ കയ്യൊഴിഞ്ഞു.. ഞാൻ നേരെ തട്ടാന്റെ അടുത്ത് എത്തി. ഇനിയാണ് മക്കളെ ആ മാരക സംഭവങ്ങൾ..

അങ്ങനെ ഞാൻ തട്ടാന്റെ വീട്ടിലെത്തി.. വീട്ടിലിരുന്നാണ് പണിയൊക്കെ.. കാരൃം പറഞ്ഞപ്പോൾ അദ്ദേഹം വിശദമായി മൂക്ക് ഒക്കെ ഒന്ന് പരിശോധിച്ച് കുടിൽ വച്ച് മൂക്കിനുള്ളിൽ കൂടി ഒരു വലി…ഹെന്റീസ്വരാ ഈ കാലമാടൻ എന്നെ കൊല്ലാൻ നോക്കുവാണോ എന്നോർത്ത് ഞാൻ ഒരു അലർച്ചയും കൈക്ക് ഒരു തട്ടും കൊടുത്തു…പുള്ളിക്കാരൻ ഭാരൃയോടും മോളോടും പിടിയെടി പെണ്ണുങ്ങളേ ഇവൾടെ കയ്യിൽ..കേട്ടതുമല്ലാ രണ്ടും കൂടി എന്നെ പിഠിച്ച് അവിടെ ഇരുത്തി..വീണ്ടും അങ്ങേര് കുടിൽ എടുത്തു ഒരുപിടി,ഞാനൊരു തൊഴി.അങ്ങേര് ഒരു അലർച്ച!! എന്റെ നക്ഷത്ര ഷേപ്പുള്ള മൂക്കുത്തി അങ്ങേര് വലിച്ച കൂട്ടത്തിൽദശയിൽ ഉടക്കി പോയത്ര..

കൊച്ചേ എന്നെ കൊണ്ട് പറ്റില്ലാ കൊച്ചൊരു ഹോസ്പിറ്റലിൽ പോകു..അവർ എടുത്തു തരുമത്ര..ഇതിന്റെ തണ്ടിന് നീളമില്ലാത്തതാ ഇത്ര പ്രശ്നമാകാൻ കാരണം എന്ന് എന്റ തൊഴി കൊണ്ട് അവശനായി നിന്ന് തട്ടാനച്ഛൻ മൊഴിഞ്ഞു..ഒന്നൂടെ എന്റെ മൂക്കൊക്കെ ചുവന്നു തുടുത്തു തക്കാളിപ്പഴം പോലായി..ഇത് എടുക്കാതെ വീട്ടിലും പോകാൻ പറ്റില്ലാ.. ഞാൻ അങ്ങനെ നേരെ ഹോസ്പിറ്റലേക്ക് വച്ചു പിടിച്ചു..വണ്ടിയിൽ ഇരിക്കുമ്പോൾ ഒരു വെളിപാട് ഇത്രയും വേദന സഹിച്ചതല്ലേ ഇത് ഊരുമ്പോൾ ആ സ്ഥാനത്ത് ഇടാനായി പുതിയ ഒരെണ്ണം കൂടി തണ്ട് നീളമുള്ളത് വാങ്ങാം..അങ്ങനെ ഒരു ജൂവലറി കയറി നീളമുള്ള ഒരു വെള്ളക്കൽ മൂക്കുത്തി വാങ്ങി, അതുമായി ഹോസ്പിറ്റലിൽ ചെന്നു.. ഡോക്ടറിനെ കണ്ടു കാരൃം പറഞ്ഞപ്പോൾ അവിടെ ഇപ്പോൾ പറ്റില്ലാത്ര..

സമയത്തെയും സ്വയം പഴിച്ചുമൊക്കെ അടുത്ത ഹോസ്പിറ്റൽ തേടി..വീടിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കയറി..ഒരു തമിഴൻ ചെറുപ്പക്കാരൻഡോക്ടർ ആണ്..അവർ എടുത്തു തരാമെന്ന് സമ്മതിച്ചു.. ടേബിളിൽ കിടത്തി ആ മൂക്കുത്തി ക്ക് ചുറ്റും ഒരു മൂന്നാല് ഇൻജക്ഷൻ!!സതൃത്തില് ഞാൻ ഞെട്ടി പ്പോയി, ഇവർ ഇങ്ങനെ കുത്തി മരവിപ്പിച്ചിട്ടാണ് ഇത് വലിച്ചു ഊരുന്നതെന്ന് ഞാനറിഞ്ഞില്ലാ..ഒരു മൂക്ക് കുത്താൻ പോയി ആകെ കുത്തോട് കുത്ത്.മരവിച്ചതിന് ശേഷം ഡോക്ടർ കുടിൽ വച്ച് ഒരു വലി..സംഭവം ഇങ്ങ് പോന്നു… അവിടുന്ന് ഇറങ്ങിയ ഉടൻ തന്നെ ഞാൻ കയ്യിൽ ഇരുന്ന തണ്ടിന് നീളമുള്ള മൂക്കുത്തി അടിച്ചു മൂക്കിൽ കയറ്റി.മരവിപ്പിച്ചു വച്ചിരുന്നാൽ വേദന അറിഞ്ഞില്ലാ…തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നടന്ന പുകിലുകൾ നിങ്ങൾ ചിന്തിച്ചു എടുത്തോ.

അങ്ങനെ ഇരിക്കുമ്പോൾ ഒരു ചുവന്ന പവിഴകല്ല് മൂക്കുകുത്തി വാങ്ങി.. അത് ഇടാനായി മൂക്കിൽ കിടന്നതൊന്ന് ഊരീ….അടുത്തത് ഇടാൻ നോക്കിയിട്ട് ഇത് കയറണില്ലാ..ക്രീം ഒക്കെ ഇട്ട് ഒരുവിധം കയറ്റി, അപ്പോഴും മൂക്ക് തക്കാളിപ്പഴമായി..ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഒരു ഡയമണ്ട് മൂക്കുത്തി സ്വന്തമാക്കുക എന്നത്..ഞാനും അങ്ങനെ ഒരെണ്ണം സ്വന്തമാക്കി ഇടാൻ തുടങ്ങി. കുറെ നാൾ കഴിഞ്ഞു ഈ മൂക്കുത്തി കൂട്ടുകാരുടെ മുന്നിൽ വച്ച് അഴിച്ചു, അപ്പോൾ അവരുടെ വെളിപാട് നിനക്ക് മൂക്കുകുത്തി ഇല്ലാത്തതാണത്ര ഭംഗി. കേട്ട താമസം,ഭംഗി കുറയാൻ പാടില്ലാല്ലോ മൂക്കുത്തി എടുത്തു മാറ്റി…ഇതിനോടകം പലതരം കളറിലുള്ള കല്ലുകൾ വച്ച മൂക്കുത്തികൾ സ്വന്തമാക്കിയിരുന്നു.. കുറെനാൾ ഇവരെ കയ്യിൽ കൊണ്ട് നടന്നു ,പിന്നെ പലർക്കും ഇത്തിരി കുഞ്ഞൻമാരെ സ്നേഹസമ്മാനങ്ങളായി സമ്മാനിച്ചു..അപ്പോഴും കുഞ്ഞൻ ഡയമണ്ട് മൂക്കുത്തി സൂക്ഷിച്ചു വെച്ചു..

ഒരു വർഷം കഴിഞ്ഞപ്പോൾ ഈ ഡയമണ്ട് മൂക്കുത്തി കണ്ടപ്പോൾ വീണ്ടും ഇടാൻ കൊതി..ഇതിന്റെ പിരി കല്ലിന്റെ ഭാഗത്ത്… സാധാരണ മൂക്കുത്തി, കമ്മൽ പോലല്ലാ ഈ ഇത്തരി കുഞ്ഞൻ..തട്ടാന് ഇത് വച്ച് കുത്താൻ പറ്റില്ലാത്ര… അപ്പോൾ ഒരാൾ പറഞ്ഞു വെടി വച്ചാൽ മതി മൂക്കിന്…അവര് തന്നെ ഒരു മൂക്കുത്തി ഇട്ട് വെടി വയ്ക്കും, കുറച്ചു ദിവസം കഴിഞ്ഞു നമ്മൾ മാറ്റി ഇട്ടാൽ മതിയത്ര..വെടിയെങ്കിൽ വെടി..അടുത്തുള്ള ബൂട്ടിപാർലറിൽ പോയി അവിടുത്തെ ആന്റിയോട് പറഞ്ഞു വെയ്ക്ക് ആന്റി വെടി,എന്റെ മൂക്കിലോട്ട്…പഴയ കുത്തിയ പാടൊക്കെ കാണിച്ചു കൊടുത്തു… കണ്ണടയൊക്കെ എടുത്തു മുഖത്ത് ഫിറ്റ് ചെയ്ത് അവർ എന്റെ മൂക്കിൽ പഴയ കുത്തിയ പാടൊക്കെ കണ്ടു പിടിച്ചു പേന വെച്ചു മാർക്ക് ചെയ്തു

AK 47 പിടിച്ചു നില്ക്കുന്ന പട്ടാളക്കാരന്റെ ഗമയോടെ ആന്റി മൂക്ക് തുളക്കണ തോക്കുമായി എത്തി മാർക്ക് ചെയ്ത ഭാഗം നോക്കി കിറു കൃതൃമായി ഒരൊറ്റ വെടി..പൊന്നീച്ച പറന്ന പോലൊരു മിന്നൽ .അപ്പോൾ ഉണ്ടായ ഒരു നിമിഷത്തെ വേദനയെ ഉള്ളു..സംഭവം കഴിഞ്ഞു.. ഞാൻ ഹാപ്പി വെടി വെച്ച ആന്റിയും ഹാപ്പി. ആന്റി മുഖം നോക്കുന്ന കണ്ണാടി എടുത്തു തന്നിട്ട് നോക്കിയേ മോള് ഇപ്പോൾ ഐശ്വര്യ റായി ആയില്ലേന്നും പറഞ്ഞു കണ്ണാടി എന്റെ കയ്യിലേക്ക്… ഹെന്റമ്മേ!! ഞെട്ടി തകർന്നു പോയി ഞാൻ.. ചരുവം പോലെ കല്ലുള്ളൊരു മൂക്കുത്തി എന്റെ മൂക്കിൽ, അതും ക്ഷമിക്കാം,കാതിലിടുന്ന കമ്മൽ ഇട്ടാണത്ര മൂക്കും കുത്തണത്..ആന്റി മാർക്ക് ചെയ്ത് എന്റെ പഴയ മൂക്ക് കുത്തിയടത്തൂന്ന് ഒരു കിലോമീറ്റർ ദൂരെ മാറിയാണ് തള്ള വെടി വെപ്പ് നടത്തിയിരിക്കണേ….

250 രൂപയും കൊടുത്തു അവരുടെ കണ്ണാടി പോയി മാറ്റിയെടുക്കാൻ പറഞ്ഞു എന്റെ സമയത്തെ വീണ്ടും പഴിച്ചു മൂക്കിൽ ആ ചരുവമായി ഞാൻ പോന്നു..ഒരാഴ്ച ആ ചരുവം പോലുള്ള മൂക്കുത്തി മൂക്കിൽ ഇട്ട് നടന്നു.. അത് വീണ്ടും ഊരി പുതിയൊരു തട്ടാനെ സമീപിച്ച് പുതിയൊരു മൂക്കുത്തി വാങ്ങി വീണ്ടും മൂക്കു കുത്തി… നമ്മുടെ ഗട്ടർ ഉള്ള സ്ഥലത്ത് തന്നെ..വേദനയെല്ലാം പഴയതു തന്നെ.. എങ്ങനായാലും നമ്മൾ തള്ള വിരലിൽ ഒന്ന് പൊങ്ങിപ്പോകും. അത് ഇട്ട് ഉണങ്ങി ഒന്ന് രണ്ട് മാസമായപ്പോൾ എന്റെ ഇത്തിരി കുഞ്ഞൻ ഡയമണ്ടിനെ എടുത്തണിഞ്ഞു..ഗൺ വെച്ചു കുത്തിയ പാടും പെട്ടെന്ന് മാറി…ഡയമണ്ടുകൾ വെച്ച പലതരം മൂക്കുത്തികള് എന്റെ കളക്ഷനിലേക്ക് വന്നു..

വളരിഞ്ഞിരിക്കുന്നത്,റിംങ്ങ്, അഞ്ചു കല്ല് അങ്ങനെ അങ്ങനെ..അന്നും ഇന്നും മൂക്കുത്തിയോടുള്ള പ്രണയം കൂടിയിട്ടേയുള്ളു…ഇപ്പോഴും ഇഷ്ടവും ഉപയോഗിക്കുന്നതും ഈ ഇത്തിരി കുഞ്ഞൻ..ആർക്കും പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ലാ. ഡയമണ്ട് എന്ന് കേട്ട് ആരും ഞെട്ടണ്ട 1500 മുതൽ കിട്ടും..റിങ്ങിനൊക്കെ 3500,4500 ഒക്കെ ആകു, കല്ലിന്റെ എണ്ണം അനുസരിച്ചു ഇരിക്കും വില..ഡയമണ്ടിനെ തോല്പിക്കുന്ന അമേരിക്കൻ ഡയമണ്ട് സെക്കന്റ് സ്റ്റഡ് കളക്ഷൻ നോക്കിയാൽ മൂക്കുത്തിക്ക് പറ്റിയ കിടിലൻ ഐറ്റംസ് കിട്ടും..അപ്പോൾ മൂക്കു കുത്താൻ താല്പര്യമുള്ള തരുണീമണികളെല്ലാം വേഗം പോയി മൂക്കു കുത്തിക്കോ.

ലേഖിക : നിഷ കുഞ്ഞിപ്പൂവ് (ഓര്‍ക്കിഡ് /പച്ചക്കറി വിപണനവും പരിപാലനവും ലക്ഷ്യമിട്ടുള്ള ഒരു ഗ്രൂപ്പ്‌ ആയ ‘പൂക്കളും കൂട്ടുകാരും’ എന്ന ഗ്രൂപ്പ് നടത്തുന്നത് നിഷ ആണ് )

shortlink

Post Your Comments


Back to top button