രാഷ്ട്രീയപ്പാർട്ടികളുടെ ഇന്നത്തെ കാലത്തെ യുദ്ധതന്ത്രമാണ് സോഷ്യൽ മീഡിയ വാർ റൂമുകൾ.വ്യാജ വാർത്തകളും ന്യായീകരണങ്ങളും വിശകലനങ്ങളുമായി പാർട്ടികൾ തന്നെ ചെല്ലും ചിലവും കൊടുക്കുന്നവയാണ് ഈ രാഷ്ട്രീയ പേജുകളിൽ ഏറെയും.സൈബർ പോർ മുഖത്തെ സി.പി.എമ്മിന്റെ ‘വിപ്ലവ പേജ് ‘ആണ് പോരാളി ഷാജി. എതിർപാർട്ടികൾ കൂട്ടമായി റിപ്പോർട്ട് ചെയ്ത് പോരാളി ഷാജിയെ ഏതാനും നിമിഷത്തേക്ക് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമാക്കിയിരുന്നു.
പേജ് അപ്രത്യക്ഷമായതോടെ മറ്റ് പാർട്ടികൾ ആദരാഞ്ജലികൾ അർപ്പിക്കലും കണ്ണീർ പൂക്കൾ സമർപ്പിക്കലുമായി കളം നിറഞ്ഞു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി പോരാളി ഷാജി ഫേസ്ബുക്കിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്. പേജ് തിരിച്ചെത്തിയതോടെ സഖാക്കളും സന്തോഷത്തിലാണ്. എന്നാല്‍ ഷാജിയെ വീണ്ടും കൊല്ലുമെന്ന വാശിയിലാണ് എതിര്‍വിഭാഗം. അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു.
പോരാളി ഷാജിയെ പിന്നിൽ നിന്ന് കുത്താൻ ബി.ജെ.പി – കോൺഗ്രസ്സ് സൈബർ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതായി ഷാജിയുടെ ആരാധകർ ആരോപിക്കുന്നു.നേരത്തെ സൈബർ മുഖത്തെ പോരാളി ഷാജിയുടെ സ്വീകാര്യത മനസ്സിലാക്കി കോൺഗ്രസ്സ് പോരാളി വാസുവിനെ രംഗത്തിറക്കിയിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള വരും നാളുകളിലും തിരഞ്ഞെടുപ്പ് അവലോകനങ്ങളും ആരോപണ -പ്രത്യാരോപണങ്ങളുമായി സൈബർ പോർമുഖം യുദ്ധസമാനമായിരിക്കുമെന്ന് തന്നെ അനുമാനിക്കാം.
Post Your Comments