ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോള്‍ താരം ജോസെഫ് സുറല്‍ വാഹന അപകടത്തില്‍ മരിച്ചു. എവേ മത്സരം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ താരം സഞ്ചരിച്ച ബസ് ഇടിച്ചാണ് മരണം. തുര്‍ക്കിഷ് ക്ലബായ അയ്‌റ്റെമിസ് അലന്‍യാസ്‌പോറിന്റെ താരമാണ് ജോസെഫ് സുറല്‍. 28 കാരനായ ജോസെഫ് സുറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണമടഞ്ഞത്. താരത്തെ കൂടാതെ മറ്റു 6 കളിക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
അയ്‌റ്റെമിസ് അലന്‍യാസ്‌പോറിന്റെ എവേ മത്സരം കഴിഞ്ഞ് തിരിച്ചുവരാന്‍ താരങ്ങള്‍ വാടകക്ക് എടുത്ത മിനി ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 7 കളിക്കാരാണ് ഉണ്ടായിരുന്നത്. മറ്റു താരങ്ങള്‍ ടീം ബസിലാണ് മത്സരം കഴിഞ്ഞു യാത്ര ചെയ്തിരുന്നത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 20 തവണ ബൂട്ട് അണിഞ്ഞ സുറല്‍ ഒരു ഗോളും നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് സുറല്‍ തുര്‍ക്കിയില്‍ എത്തുന്നത്. നേരത്തെ ചെക്ക് ക്ലബായ സ്ലാവിയ പ്രാഗിന്റെ താരമായിരുന്നു സുറല്‍. ഡ്രൈവര്‍ ഉറങ്ങിയതാണ് മരണ കാരണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
Post Your Comments