ഹൈദരാബാദ്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീടിനു മുകളില്‍ നിന്നും അയല്‍വാസിയുടെ ശുചിമുറിയിലേക്കു വീണ 7 വയസ്സുകാരി വെറും വെള്ളം മാത്രം കുടിച്ച് ജീവിച്ചത് അഞ്ച് ദിവസം. തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മാഖ്തലില്‍ ആണ് സംഭവം. ഏപ്രില്‍ 20ന് അഖില എന്ന പെണ്‍കുട്ടി വീടിനു മുകളില്‍ നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴെ അയല്‍വാസിയുടെ മേല്‍ക്കൂരയില്ലാത്ത ശുചിമുറിയിലേക്ക് വീഴുകയായിരുന്നു. അയല്‍വാസി ശുചിമുറി പുറത്തുനിന്ന് പൂട്ടി പോയതിനാല്‍ പെണ്‍കുട്ടിക്ക് പുറത്തുകടക്കാന്‍ പറ്റിയില്ല.
സംഭവം നടക്കുമ്പോള്‍ അയല്‍വാസിയും സ്‌കൂള്‍ അധ്യാപകനുമായ വെങ്കിടേഷ് വീട്ടിലുണ്ടായിരുന്നില്ല. അയാള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വീടുപൂട്ടി പുറത്തുപോയിരുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് വെങ്കിടേഷ് തിരിച്ചെത്തിയപ്പോള്‍ ശുചിമുറിയില്‍ തളര്‍ന്നുകിടക്കുന്ന അഖിലയെ കണ്ടെത്തുകയായിരുന്നു. ഭയന്ന് വിറച്ച് സംസാരിക്കാന്‍ പോലും കഴിയാതെ അവശനിലയിലായിരുന്നു അഖില. അത്രയും ദിവസങ്ങളില്‍ ശുചിമുറിയിലെ വെള്ളം മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തുകയായിരുന്നു പെണ്‍കുട്ടി. തുണി ഇടാന്‍വേണ്ടി ഇവിടെ കെട്ടിയിരുന്ന അയയിലാണ് പെണ്‍കുട്ടി വീണത്. അതിനാല്‍ പരിക്കേറ്റില്ല. കുട്ടിയുടെ കരച്ചില്‍ സമീപത്തുള്ള വീടുകളിലുള്ളവരും കേട്ടില്ല. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളായ സുരേഷും മഹാദേവമ്മയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മകളെ നാടോടികള്‍ തട്ടിക്കൊണ്ടു പോയെന്നാണ് ഇവര്‍ കരുതിയിരുന്നത്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments