Latest NewsNews

‘നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍’- ഉയരെയുടെ സംവിധായകന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

പാര്‍വ്വതി നായികയായും ആസിഫ് അലിയും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടെത്തിയ ഉയരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഉയരെ. രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ആദ്യമായി മനു അശോകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. സംവിധാനം ചെയ്ത സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ കിട്ടുമ്പോള്‍ അത് കാണാന്‍ ഗുരു ഇല്ലെന്നുള്ള വിഷമത്തിലാണ് മനു. നമ്മുടെ സിനിമ തിയറ്ററുകളിലേക്ക് എത്തിയെന്നും നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും തുടങ്ങി ഉയരെ കുറിച്ചുള്ള വിശേഷങ്ങള്‍ രാജേഷ് പിള്ളയുമായി മനു പങ്കുവെച്ചിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പിള്ളേച്ചാ.. നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍… പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ… ലവ് യു..

രാജേഷ് പിള്ളയുടെ ഭാര്യയാണ് മേഘ. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മേഘയും അണിയറക്കാരുടെ ഒപ്പം എത്തിയിരുന്നു. രാജേഷിന് ഏറ്റവും പ്രിയങ്കരരായ ബോബി-സഞ്ജയ് ആണ് ഉയരെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജേഷ് രോഗാവസ്ഥയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ വേട്ട പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് മനുവാണ്.

https://www.facebook.com/ashokmanu/posts/2385654301478860

shortlink

Related Articles

Post Your Comments

Related Articles


Back to top button