KeralaLatest News

വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന നേതാവ് പിണറായി വിജയന്‍; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: പോളിംഗ് വര്‍ധിച്ചതിന്റെ പ്രതികരണം അറിയാനായി മാധ്യമപ്രവര്‍കത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ കിട്ടിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതുപോടെ മുമ്പും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരിക്കുകയാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്ക്കുവാന്‍ രാഷ്ടീയ ഇച്ഛാശക്തി ഉള്ളവര്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ക് എത്ര ആര്‍ജവമാണ്! എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളില്‍ കൃത്രിമമായ ഡിപ്ളോമസി പിണറായി ശൈലിയല്ല.- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഗാലറിക്കു വേണ്ടി ഒരിക്കലും കളിക്കാത്ത ശ്രീ. പിണറായി വിജയന്‍ എന്ന നേതാവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു.

ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊരാള്‍ ഉണ്ടാകും എന്നു തോന്നുന്നില്ല. ഒരു കാലത്ത് ഞാനും ഈ തെറ്റിദ്ധാരണയുടെ ഒരു ഇര ആയിരുന്നു. അക്കാലത്തെ എന്റെ ചില എഴുത്തുകളിലും ഈ കാഴ്ചപ്പാട് പ്രതിഫലിച്ചിരുന്നു. ഈ തെറ്റിദ്ധാരണയുടെ തടവറയില്‍ നിന്ന് എന്നെ മോചിപ്പിച്ചത് അടുത്ത കാലത്ത് അന്തരിച്ച ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന, എന്നെ അതിലേറെ സ്നേഹിച്ചിരുന്ന, ഡോ. ഡി. ബാബുപോള്‍ സാറാണ്. ലാവലിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബാബു പോള്‍ സര്‍ മനസ്സിലാക്കി തന്ന കാര്യങ്ങള്‍ പിണറായി വിജയന്‍ എന്നെ നേതാവിനെ ശരിയായി അറിയുവാന്‍ എന്നെ സഹായിച്ചു. പ്രസിദ്ധ കവിയും ഞാന്‍ ഒത്തിരി ആദരിക്കുകയും ചെയ്യുന്ന ശ്രീ. പ്രഭാവര്‍മ്മയും ഈ കാര്യത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. പിണറായി വിജയന്‍ എന്ന നേതാവിന്റെ ‘ധാര്‍ഷ്ട്യം’ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. നാട്യങ്ങളുടെ അതിപ്രസരം ഉള്ള ഒരു കാലത്ത് നാട്യങ്ങള്‍ ഇല്ലാതെ ഒരാള്‍ പെരുമാറരുത് എന്ന അനാവശ്യ ശാഠ്യം ഒരു പൊതു തത്വമായി മാറുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് എനിക്ക് അഭിപ്രായമില്ല. തെറ്റ് കാണുമ്പോള്‍ എനിക്കും ദേഷ്യം വരാറുണ്ട്. ഞാന്‍ അത് ഒളിച്ചു വയ്ക്കാറുമില്ല. അതു പ്രകടിപ്പിക്കയും എന്നാല്‍ അതിനു ശേഷം അത് മനസ്സില്‍ നിന്ന് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് എന്റെ രീതി. മുഖ്യമന്ത്രി ആയാല്‍ സാധാരണ മനുഷ്യരെപ്പോലെ പെരുമാറരുത് എന്ന് ശഠിക്കുന്നത് എന്തു ധര്‍മ്മമാണ്? എന്നെ പോലെ ദേഷ്യം വരുമ്പോള്‍ അത് മൂടിവയ്ക്കാതെയും ചിരി വരുമ്പോള്‍ അത് ഒളിപ്പിക്കാതെയും ഇരിക്കുന്ന നേതാക്കളോടാണ് എനിക്ക് ഏകീഭവിക്കാന്‍ കഴിയുന്നത്. അസമയത്തും അസ്ഥാനത്തും പ്രതികരണം ആരാഞ്ഞാല്‍ ആര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല., പ്രത്യേകിച്ച് കുടുംബാംഗങ്ങള്‍ കൂടെയുള്ളപ്പോള്‍. ശ്രീ. പിണറായി വിജയന്‍ ശരി എന്നു തനിക്ക് ഉറച്ച ബോധ്യം ഉള്ള കാര്യങ്ങളില്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യം ഏറെ ശ്ലാഘനീയമാണ്. അദ്ദേഹം ഒരിക്കലും ഗാലറിയ്ക്കു വേണ്ടി കളിക്കുന്നത് നമുക്ക് കാണാന്‍ കഴിയില്ല. വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്ക്കുവാന്‍ രാഷ്ടീയ ഇച്ഛാശക്തി ഉള്ളവര്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ക് എത്ര ആര്‍ജവമാണ്! എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളില്‍ കൃത്രിമമായ ഡിപ്ളോമസി പിണറായി ശൈലിയല്ല. അതും എന്നെ ഏറെ ആകര്‍ഷിക്കുന്ന ഒരു സ്വഭാവവിശേഷമാണ്. പിണറായി വിജയനിലെ യഥാര്‍ത്ഥ മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തിയ ചില ഉദാഹരണങ്ങളും ബാബു പോള്‍ സാര്‍ പങ്കു വച്ചിട്ടുണ്ട്. ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു നേതാവ് അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയെങ്കില്‍, അത് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ അദ്ദേഹത്തെ യഥാര്‍ത്ഥമായി തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. ജയത്തിലും പരാജയത്തിലും ചങ്കുറപ്പോടെ മുന്നോട്ട് പോകുന്ന ശ്രീ. പിണറായി വിജയന് അഭിവാദ്യങ്ങള്‍!

തെറ്റിദ്ധരിക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. Emmerson പറഞ്ഞതുപോലെ:

To be misurderstood is to be great

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ആയി ഭാവി കേരളം ശ്രീ . പിണറായി വിജയനെ അടയാളപ്പെടുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button