മൂവാറ്റുപുഴ: വഴിമുട്ടിയ ജീവിതം കരയ്ക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മലയാളിയും മണലാരണ്യങ്ങളിലേക്ക് പറക്കുന്നത്. എന്നാല്‍ പലപ്പോഴും ആ സ്വപ്‌നങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം നിറമങ്ങുന്ന കാഴ്ചയാണ് കാണാറ്. അത്തരം തട്ടിപ്പിന്റെയും ചതിയുടെയും ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഭര്‍ത്താവ് മരിച്ച് മൂന്നുമക്കളുമായി ദുരിത ജീവിതം നയിച്ചിരുന്ന സുനിത എന്ന വീട്ടമ്മ മാര്‍ച്ച് നാലിനാണ് ജോലിക്കായി ദുബായിലേക്ക് പോയത്. ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആഹാരംപോലും കിട്ടാതെ താനനുഭവിക്കുന്ന ദുരിതം അന്നുപറഞ്ഞു. ഒരാഴ്ചയായി വിവരമൊന്നുമില്ല. അമ്മയുടെ വിവരമറിയാത്തതിനാല്‍ പേടിയോടെ നടക്കുകയാണ് മക്കളായ പത്തൊന്‍പതുകാരി ശ്രീലക്ഷ്മിയും പ്ലസ് ടു വിദ്യാര്‍ഥിനി സീതാലക്ഷ്മിയും ഒന്‍പതാം ക്ലാസുകാരന്‍ അനന്തുവും. ഇവരെ സഹായിക്കാനുമാരുമില്ല.
പട്ടികജാതി സമുദായാംഗമായ മുളവന മുക്കൂട് പുത്തന്‍വിളവീട്ടില്‍ സുനിതയെ മൂവാറ്റുപുഴയിലെ മാന്‍പവര്‍ ഏജന്‍സിയിലെ സന്തോഷ് എന്നയാളാണ് സുനിതയെ ദുബായിലേക്ക് കൊണ്ടുപോയത്. വിമാനടിക്കറ്റിനായി 10,000 രൂപ വാങ്ങി. 25,000 രൂപ ശമ്പളം കിട്ടുന്ന ഹൗസ് മെയ്ഡ് ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. ദുബായില്‍ എത്തിയ ഉടനെ ഇസ്മായേല്‍ എന്നയാള്‍ ഒമാനിലേക്ക് കൊണ്ടുപോയി. അവിടെ നാല് വീടുകളില്‍ ജോലിക്കായി പറഞ്ഞയച്ചു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസില്‍ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവുംപോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചുപറഞ്ഞിരുന്നു. അതിനുശേഷം സുനിത വിളിച്ചിട്ടില്ല.
അമ്മയ്‌ക്കെന്തുപറ്റിയെന്നറിയാതെ പരിഭ്രാന്തിയിലാണ് ഈ മക്കള്‍. പണം വാങ്ങിയ സന്തോഷിനെ വിളിക്കുമ്പോള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. സിറാജിനെ വിളിച്ചപ്പോള്‍ ഒന്നരലക്ഷം രൂപതന്നാല്‍ അമ്മയെ വിട്ടുതരാമെന്നാണ് പറഞ്ഞത്. ശ്രീലക്ഷ്മിക്ക് എറണാകുളത്ത് ചെറിയ താത്കാലിക ജോലിയുണ്ട്. ഇതും അമ്മൂമ്മ വീട്ടുജോലിചെയ്ത് കിട്ടുന്ന ചെറിയ വരുമാനവുമാണ് ഇവര്‍ക്കുള്ള ആശ്രയം.സുനിതയുടെ പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളില്ലാത്തതിനാല്‍ നോര്‍ക്ക വകുപ്പ് കൈമലര്‍ത്തുകയാണ്.
മൂവാറ്റുപുഴ സ്റ്റേഷനിലും കൊല്ലം കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കളക്ടര്‍ പരാതി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. വെള്ളിയാഴ്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശ്രീലക്ഷ്മിയെയും സീതാലക്ഷ്മിയെയും സഹായിക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍നിന്ന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. തങ്ങളുടെ അമ്മയെ രക്ഷിക്കാന്‍ ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Post Your Comments