കണ്ണൂര്‍: ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് ഉറക്കിക്കിടത്തി കണ്ണൂര്‍ ജില്ലാജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. സംഭവം ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണില്‍പെട്ടതോടെ തടവുചാടല്‍ ശ്രമം പരാജയപ്പെട്ടു. 24നു പുലര്‍ച്ചെ നടന്ന സംഭവം പുറത്തുവന്നത് പിറ്റേന്ന് അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്. ജയിലില്‍ അടുക്കളജോലി ചെയ്യുന്ന റഫീഖ്, അഷ്‌റഫ് ഷംസീര്‍, അരുണ്‍ എന്നീ തടവുകാരാണ് ഉദ്യോഗസ്ഥരെ ഉറക്കി രക്ഷപെടാന്‍ ശ്രമിച്ചത്. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ യാക്കൂബ്, ബാബു, താല്‍ക്കാലിക വാര്‍ഡന്‍ പവിത്രന്‍ എന്നിവരാണു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ ചായ കുടിച്ചതോടെ ഉറങ്ങിപ്പോയി. അടുക്കള ജോലിയുണ്ടായിരുന്ന മറ്റു തടവുകാരും ഉറങ്ങി. താക്കോല്‍ കൈക്കലാക്കി രക്ഷപ്പെടാനായി മൂന്നു തടവുകാരും പ്രധാന ഗേറ്റിനു സമീപമെത്തി. ഗേറ്റിനു സമീപത്തെ മുറിയില്‍ ഡ്യൂട്ടികഴിഞ്ഞു വിശ്രമിക്കുകയായിരുന്ന അസി. പ്രിസണ്‍ ഓഫിസര്‍ സജിത്ത് ഇവരെ കണ്ട് ചോദ്യം ചെയ്തു.
പൈപ്പിലൂടെ വെള്ളം വരാത്തതിനാല്‍ നോക്കാനെത്തിയതാണ് എന്നായിരുന്നു മറുപടി. തടവുചാടാനുള്ള ശ്രമമാണെന്ന സംശയം അപ്പോഴുണ്ടായില്ല. അധികം വൈകാതെ സുകുമാരനും പവിത്രനും തലചുറ്റലുണ്ടായി. ജയില്‍ ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധ എന്നായിരുന്നു നിഗമനം. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ അടുക്കളയിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സാംപിള്‍ ശേഖരിക്കുകയും ചെയ്തു.
എന്നാല്‍, സംശയം തോന്നിയ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തടവുചാടല്‍ ശ്രമം പുറത്തറിയുകയായിരുന്നു.സംസ്ഥാനത്ത് ആദ്യമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാര്‍ രക്ഷപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും ഗുളിക നല്‍കി ഉറക്കിക്കിടത്തിയശേഷം രക്ഷപെടാന്‍ ശ്രമിച്ച സംഭവം. ജയിലില്‍നിന്നുള്ള പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. റഫീഖ് പിടിച്ചുപറിക്കേസിലും അഷ്‌റഫ് കഞ്ചാവ് കേസിലും അരുണ്‍ കൊലക്കേസിലും പ്രതിയാണ്.
Post Your Comments