ബീഹാര്‍: പ്രണയപ്പകയുടെ ക്രൂരമായ ആവര്‍ത്തനം വീണ്ടും. ബീഹാറിലെ ഭഗല്‍പൂരില്‍ പതിനേഴ്കാരിയാണ് ഇത്തവണ പ്രണയപ്പകയുടെ ഇരയായി മാറിയത്. പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പതിനേഴുകാരിയെ ആസിഡൊഴിച്ച് ആക്രമിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാജല്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു അവളുടെ മോഹം. അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കൂട്ടായും തണലായും അമ്മയും അച്ഛനും സഹോദരനും. സന്തുഷ്ട കുടുംബമായിരുന്നു അവരുടേത്.
ഇതിനിടെയാണ് അയല്‍ക്കാരന്‍ ഇവര്‍ക്കിടയിലെത്തുന്നത്. പിന്നീട് ഇവര്‍ക്കിടയില്‍ നടന്നതെന്തെന്ന് വ്യക്തമല്ലെങ്കിലും അവളെ അടിമുടി നശിപ്പിക്കും വിധം അയാളില്‍ പകയുണ്ടായി എന്നുമാത്രം മനസിലാക്കാം. ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛനും സഹോദരനും പുറത്തുപോയ സമയം നോക്കി അയാള്‍ സുഹൃത്തുക്കളെയും കൊണ്ട് വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി. ആദ്യം തോക്ക് ചൂണ്ടി കാജലിനെയും അമ്മ പൂനത്തെയും ഭീഷണിപ്പെടുത്തി. ഇരുവരെയും ബലമായി പിടിച്ചൊതുക്കിയ ശേഷം അവര്‍ കാജലിന് നേരെ ആസിഡൊഴിച്ചു.
മകളെ രക്ഷിക്കാന്‍ അക്രമികളില്‍ നിന്ന് പൂനം കുതറാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതിനായില്ല. അവരുടെ കൈകളിലേക്കും ആഡിസ് തുള്ളികള്‍ തുളഞ്ഞുവീണു. ആസിഡ് വീണ് ഉരുകിയ ശരീരവുമായി കാജല്‍ അലറിവിളിച്ചു. അപ്പോഴേക്കും അക്രമികള്‍ ഓടിയകന്നിരുന്നു. കാജലിന്റെ കണ്ണുകളും കഴുത്തും നെഞ്ചും പുറവും കൈകളുമെല്ലാം പൊള്ളിയടര്‍ന്നു. വേദന കൊണ്ട് നിലത്ത് വീണ് അലറിക്കരയുന്ന മകള്‍ക്കൊപ്പം എന്ത് ചെയ്യണമെന്നറിയാതെ ആ അമ്മയും ഉറക്കെ കരഞ്ഞു. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ മയങ്ങാനുള്ള മരുന്നുകള്‍ക്ക് പോലും അവളുടെ വേദനയെ തടുത്തുനിര്‍ത്താനായില്ല.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും പഴയനിലയിലാകാന്‍ കാജലിന് ഇനി വര്‍ഷങ്ങള്‍ വേണ്ടിവരും. ശരീരത്തിന്റെ നാല്‍പത് ശതമാനത്തോളം പൊള്ളിനീങ്ങി. കണ്ണുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് പരിഹരിക്കാനായില്ലെങ്കില്‍ എല്ലാക്കാലത്തേക്കും ഈ പതിനേഴുകാരിക്ക് കാഴ്ച നഷ്ടമാകും. കാജലിന്റെ ചികിത്സാസഹായങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തുമെല്ലാം കുടുംബം നടത്തിയ അഭ്യര്‍ത്ഥനകളിലൂടെയാണ് മുറിപ്പെടുത്തുന്ന ഈ സംഭവം പുറംലോകമറിയുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇവര്‍ക്ക് സഹായങ്ങളെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മകളുടെ ഭാവിയോര്‍ത്ത് വിങ്ങുകയാണ് ഈ കുടുംബം.
Post Your Comments