News

ബൂത്തില്‍ താരമായി ‘പോള്‍ മാനേജര്‍’

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ചിട്ടയായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് ‘പോള്‍ മാനേജര്‍’ മൊബൈല്‍ ആപ്പ്. ഓരോ ബൂത്തിലും അനുനിമിഷം നടക്കുന്ന കാര്യങ്ങള്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറെ സഹായകമായത് ഈ സംവിധാനമാണ്. പോളിങ്ങിന് തലേ ദിവസം പോളിങ്ങ് സംഘം വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ പോള്‍ മാനേജറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം എന്നിങ്ങനെ 19 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫീഡ് ചെയ്യാനുള്ള സംവിധാനമാണ് പോള്‍ മാനേജര്‍ ആപ്പിലുണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും മറുപടി നല്‍കി മാത്രം അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയുന്ന രീതിയായിരുന്നു ഇതില്‍.

ഓരോ മണിക്കൂറിലുമുള്ള വോട്ടെുപ്പിന്റെ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് എത്ര പേര്‍ വരി നില്‍ക്കുന്നുവെന്നും, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയവും, ആകെ പോള്‍ ചെയ്ത വോട്ടും ഇതില്‍ അപ്‌ലോഡ് ചെയ്തത് ജില്ലാ തലത്തിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എളുപ്പാമയി. പ്രിസൈഡിങ്ങ് ഓഫീസറോ ഫസ്റ്റ് പോളിങ്ങ് ഓഫീസറോ ആണ് ബൂത്തുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്. ഈ മൊബൈല്‍ ആപ്പിനെ കേരള പോള്‍സ് എന്ന പേരില്‍ തയ്യാറാക്കിയ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലാതലത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലൈവായി ഇത് നിരീക്ഷിക്കാന്‍ കഴിയും വിധമായിരുന്നു സംവിധാനം.

ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടാന്‍ ഇടയാക്കാവുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര പരിഹാരത്തിനുള്ള സംധാനവും ആപ്പിലുണ്ടായിരുന്നു. എസ്ഒഎസ് ബട്ടണ്‍ ഉപയോഗിച്ച് വിവരം ജില്ലാ തല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ കഴിയും. ക്രമസമാധന പ്രശ്‌നം, വോട്ടിങ്ങ് മെഷീന്‍- വിവിപാറ്റ് തകരാറ്, വൈദ്യുതി തടസ്സം എന്നീ പ്രശ്‌നങ്ങള്‍ക്കാണ് എസ്ഒഎസ് ബട്ടണ്‍ സംവിധാനം ചെയ്തത്. ഇങ്ങനെ അറിയിച്ച കാര്യങ്ങളില്‍ ജില്ലാ തല കണ്‍ട്രോള്‍ റൂമില്‍ നിന്ന് അടിയന്തര ഇടപെടലും പരിഹാരവുമുണ്ടാക്കാന്‍ സാധിച്ചു. ഇത് പോളിങ്ങ് തടസ്സപ്പെടാതെ കൊണ്ടുപോകാന്‍ ഏറെ സഹായകമായി.

ജില്ലയില്‍ പത്തോളം ബൂത്തുകളില്‍ നിന്ന് എസ്ഒഎസ് സന്ദേശം ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തിയിരുന്നു. ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി. ഓരോ മണിക്കൂറിലും നിയമസഭാ മണ്ഡലം, ലോക്‌സഭാ മണ്ഡലം തലത്തിലുളള പോളിങ്ങ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനും ഈ മൊബൈല്‍ ആപ്പ് സഹായകമായി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ ഈ മൊബൈല്‍ ആപ്പും പോര്‍ട്ടലും കേന്ദ്ര തെരഞ്ഞെടുപ്പ കമ്മീഷന്റെ പ്രശംസ നേടി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങളാകെ ഏകോപിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button