Latest NewsKerala

അധ്യാപന ജോലി മടുത്തു : ക്ലാസുകളില്‍ പക്ഷപാതം മാത്രം : മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ജോലി രാജിവെച്ച് ഈ അധ്യാപിക

തൃശ്ശൂര്‍: ഇത് അധ്യാപന ജോലി മടുത്ത് ജോലി രാജിവെച്ച അധ്യാപിക അഞ്ജു ബോബി നരിമറ്റം. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. മിടുക്കനായ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് മറ്റൊരാള്‍ക്ക് വേണ്ടി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ ജോലി തന്നെ രാജി വെച്ച അധ്യാപികയാണ് ഇവര്‍. ക്ലാസുകളില്‍ നടക്കുന്ന പക്ഷപാതപരമായ കാര്യങ്ങളാണെന്ന് ഇവര്‍ പറയുന്നു. അവ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെയ്ക്കുകയാണ് ഇവിടെ. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഏപ്രില്‍ -മെയ് മാസങ്ങള്‍ ഞങ്ങള്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ സംബന്ധിച്ച് തീയിലൂടെ നടക്കുന്നത് പോലെയാണ്. അടുത്ത വര്‍ഷം ജോലി ഉണ്ടാവുമോ, അഥവാ ഉണ്ടായാലും ശമ്ബള വര്‍ദ്ധനവ് ആവശ്യപ്പെടാതിരിക്കാന്‍ വേണ്ടി വലിയ ക്ലാസ്സുകളില്‍ നിന്ന് ചെറിയ ക്ലാസുകളിലേക്ക് മാറ്റുവോ, അടുത്ത വര്‍ഷവും തുടര്‍ന്നോളാം എന്നെഴുതി വാങ്ങിച്ച പേപ്പര്‍ തിരികെ തന്നു, ‘ എന്റെ വളരെ വേണ്ടപ്പെട്ട ഒരാള് വരുന്നുണ്ട് നിങ്ങള്‍ക്ക് പകരം, അതോണ്ട് വേറെവിടെലും നോക്കിക്കോ ‘ എന്ന് പറയുവോ, സ്റ്റാഫിന്റെ എണ്ണം കുറക്കുന്നത് കൊണ്ട് പോകേണ്ടി വരുമോ, കുറച്ചുകൂടി മാര്‍ക്കുള്ള ഫ്രഷേഴ്സ് വരുമ്പോള്‍ നമ്മുടെ ഇത്രയും നാളത്തെ എക്‌സ്പീരിയന്‍സ്‌ന്റെ, അദ്ധ്വാനത്തിന്റെ തിളക്കം മങ്ങി ജോലിക്ക് പുറത്താകുമോ അങ്ങനെ നൂറായിരം ആധികള്‍ !
2011 അവസാനം മുതല്‍ ഗസ്റ്റ് ഫാക്കല്‍റ്റി ആയാണ് ജോലി ചെയ്യുന്നത്. ഇത് വരെ സ്ഥിരജോലി ആയിട്ടുമില്ല. എന്തോ ഭാഗ്യം കൊണ്ട് ഒരിടത്തും നിന്നും ഇങ്ങനെ വിഷമിച്ചു പോരേണ്ടി വന്നിട്ടില്ല ; ഒരിക്കലൊഴികെ.
B Edന്റെ ബലത്തില്‍ ഒരു സ്‌കൂളില്‍ ജോലിക്ക് കയറി. ഇന്നും ഞാന്‍ ഇത്രയധികം വെറുക്കുന്ന വേറൊരു സ്ഥലമില്ല. ചില സീരിയലുകളില്‍ കാണുന്ന തരം ദുഷ്ട സ്ത്രീകള്‍, അവരെക്കാള്‍ കുശുമ്പ്് ഉള്ളില്‍ കൊണ്ട്‌നടക്കുന്ന ഒന്ന് രണ്ടു പുരുഷ കഥാപാത്രങ്ങള്‍, ഉള്ളില്‍ നന്മ ഉണ്ടെങ്കിലും ഇവരോടൊക്കെ ഏറ്റുമുട്ടാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ട് മൗനം പാലിക്കുന്ന ചുരുക്കം ചിലര്‍, ഈ ലോകത്തില്‍ ഉള്ള എല്ലാ തിന്മകളും കൂടിചേര്‍ന്ന ഒരു മേലധികാരി. ഇത്രേം ചേര്‍ന്നതാണ് സ്റ്റാഫ് റൂം.

അതോറിറ്റിയെ പ്രീണിപ്പിച്ചു നിര്‍ത്തിയാല്‍ BA ഹിസ്റ്ററിക്കാരി വലിയ ക്ലാസ്സുകളില്‍ ഇംഗ്ലീഷ് ടീച്ചറും MA ഇംഗ്ലീഷ്‌കാരി ആറാം ക്ലാസ്സിലെ GK ടീച്ചറും ആകുമെന്ന മന്ത്രവിദ്യ അവിടുന്നാണ് ഞാന്‍ അറിഞ്ഞത്.
വല്യ വീട്ടിലെ പിള്ളേര് കുരുത്തക്കേട് കാണിച്ചാല്‍ ‘ഈ പിള്ളേരുടെ ഒരു കാര്യം ‘ എന്ന് പറഞ്ഞു കുഞ്ഞി ഒരടിയും അടുത്തുള്ള കോളനിവാസിയായ കുഞ്ഞ് മറന്നു പോകുന്ന ഓരോ പെരുക്കപ്പട്ടികയ്ക്കും പടക്കം പൊട്ടുന്ന പോലത്തെ അടിയും മേടിക്കുന്ന ഒരിടം.

ജോര്‍ജ് അഞ്ചാമനെ ( ജോര്‍ജ് V) ജോര്‍ജ് ‘ വി ‘ എന്ന് ഒരു ടീച്ചര്‍ വായിക്കുന്നത് കേട്ട് തറഞ്ഞു നിന്ന് പോയിട്ടുണ്ട്. ‘ദിസ് പോയം ഈസ് റിട്ടണ്‍ ബൈ അനോണിമസ്, ഹി ഈസ് എ ഫേമസ് പോയെറ്റ് ‘ എന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ട് സങ്കടം തോന്നി ഇന്റര്‍വെല്‍ന്റെ സമയത്തു ആരും കേള്‍ക്കാതെ രഹസ്യമായി അവരോടു അതിന്റ അര്‍ത്ഥം പറഞ്ഞപ്പോള്‍

‘ ഇന്നലെ ഇങ്ങു വന്നതല്ലേ ഉള്ളു, അപ്പോളേക്കും ബാക്കി ഉള്ളവരുടെ ക്ലാസ് മോണിറ്റര്‍ ചെയ്യാറൊക്കെ ആയല്ലോ ‘ എന്ന പരിഹാസമാണ് മറുപടി കിട്ടിയത്. (ഇതില്‍ ഒരംശം പോലും അതിശയോക്തി ഇല്ല. അന്ന് കൂടെ വര്‍ക്ക് ചെയ്ത ചിലരെങ്കിലും ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ട്. )
ആനിവേഴ്‌സറി വരുമ്‌ബോളാണ് ഏറ്റവും കഷ്ടം. ‘ഗസ്റ്റ് വരുമ്‌ബോള്‍ പൂ കൊടുക്കാനാ, നല്ല വെളുത്തു ഭംഗി ഉള്ള അഞ്ചാറു പിള്ളേരെ ഇങ്ങു വിളിച്ചേ ‘, ‘ഡാന്‍സിന്റെ മുന്‍പില്‍ നല്ല ശേലൊള്ള പിള്ളേരെ വേണം നിര്‍ത്താന്‍ ‘ എന്നൊക്ക വളരെ വളരെ സ്വാഭാവികമായി ആവശ്യപ്പെടുന്നത് കേട്ട് കേട്ട് തല പെരുത്തു. പലപ്പോഴും അതിന്റ പേരില്‍ തര്‍ക്കിച്ചു. തര്‍ക്കിച്ചു തര്‍ക്കിച്ചു തോറ്റു.

ഒരിക്കല്‍ ഒരു പരീക്ഷകാലത്ത് അന്ന് ഒരുവയസുകാരനായിരുന്ന അപ്പു പനി കൂടി ആശുപത്രിയില്‍ ആയപ്പോള്‍ പ്രിന്‍സിപ്പല്‍ എനിക്ക് ലീവ് നിഷേധിച്ചു. ഫോണിലൂടെ കേട്ടത് വിശ്വസിക്കാനാവാതെ നേരില്‍ ചെന്നു അപേക്ഷിച്ചപ്പോള്‍ ‘ കൊച്ച് ICUവില്‍ അല്ലേ, എണീറ്റ് ഓടുവൊന്നും ഇല്ലല്ലോ, അല്ലേലും പുറത്തല്ലേ നില്‍ക്കാന്‍ പറ്റൂ, അത് ആരേലും നിന്നാല്‍ പോരെ, എക്‌സാം ഡ്യൂട്ടി ഒന്നും മാറ്റിത്തരാന്‍ പറ്റില്ല ‘ എന്ന് മുഖത്തടിച്ചതു പോലെ പറഞ്ഞു. കടുത്ത സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് റിസൈന്‍ ചെയ്യാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞു ആദ്യത്തെ ബസില്‍ കേറി ആശുപത്രിയില്‍ എത്തി അപ്പുവിന്റെ വാടിത്തളര്‍ന്ന മുഖത്തേക്ക് നോക്കുമ്‌ബോള്‍ സങ്കടം വരും. പതിനായിരം രൂപ പോലും തികച്ചില്ലാത്ത ശമ്പളത്തിന് വേണ്ടിയാണല്ലോ അതൊക്ക സഹിച്ചതെന്നോര്‍ക്കുമ്‌ബോള്‍ ഇന്നും ഉള്ളില്‍ കയ്പുനിറയും.

സ്‌കൂളില്‍ ഫീസിളവ് വാങ്ങി പഠിക്കുന്ന ഒരു മിടുക്കനുണ്ടായിരുന്നു. പഠിയ്ക്കാനും വരയ്ക്കാനും മിടുമിടുക്കന്‍. തത്കാലം ജോജോ എന്ന് വിളിക്കാം.(അവനും ഉണ്ട് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ). പക്ഷെ സൗജന്യം പറ്റുന്നവനോടുള്ള പുച്ഛം ആയിരുന്നു കുറച്ചു ടീച്ചര്‍മാര്‍ക്കും പ്രിന്‍സിപ്പലിനും അവനോടുണ്ടായിരുന്നത്. എന്തോ മുജ്ജന്മ വൈരാഗ്യം പോലെ. കാരണം ഒന്നേയുള്ളു, ദാരിദ്ര്യം രൂപത്തിലും ഭാവത്തിലും അറിയുന്നവണ്ണം ആയിരുന്നില്ല നടപ്പും എടുപ്പും. അപകര്‍ഷതക്ക് പകരം നിറഞ്ഞ ചിരിയും ആത്മവിശ്വാസവും. അവന്‍ നല്ലൊരുടുപ്പിട്ടാല്‍ പ്രിന്‍സിപ്പല്‍ പല്ലിറമ്മും ; ‘ ഫീസ് തരാന്‍ കാശില്ല, തരാതരം ഡ്രസ്സ് മേടിക്കാം. ‘ അതെല്ലാം ആരെങ്കിലും ദാനം കൊടുക്കുന്നതാണെന്നു അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ദാരിദ്ര്യം ഉള്ളവര്‍ പിഞ്ഞിക്കീറിയ ഉടുപ്പിട്ടു പാറിപ്പറന്ന മുടിയുമായി നടക്കണം എന്ന പൊതുബോധവുമായി യോജിക്കാത്തവനെ എങ്ങനെ അംഗീകരിക്കാനാണ്.. എന്റെ തൊട്ടടുത്തിരുന്ന ടീച്ചര്‍ അവന്റ ആന്‍സര്‍ ഷീറ്റ് രണ്ടാമതും കൂട്ടി നോക്കി മനഃപൂര്‍വം മാര്‍ക്ക് കുറച്ചിടുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടുള്ള അവരുടെ ചിരി ഇന്നും മറന്നിട്ടില്ല.

ആ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ സ്റ്റാഫ് മീറ്റിംഗില്‍ അടുത്ത വര്‍ഷവും തുടരാവുന്ന ടീച്ചര്‍സിന്റെ ലിസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ചങ്കിടിപ്പോടെ കേട്ടു നിന്നു. ഒടുക്കം എന്റെ പേര് വിളിച്ചപ്പോളാണ് ശ്വാസം നേരെ വീണത്. ഇനിയിപ്പോ ഏപ്രില്‍, മെയ്യില്‍ ഇന്റര്‍വ്യൂസ് അറ്റന്‍ഡ് ചെയ്തു നടക്കേണ്ട. ഒരുമാതിരിപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം ഏപ്രിലില്‍ ഇന്റര്‍വ്യൂ നടത്തി ആളെ നിയമിക്കും.

കൃത്യം ഏപ്രില്‍ 30നു പ്രിന്‍സിപ്പല്‍ വിളിച്ചു, അത്യാവശ്യം ആയി സ്‌കൂളില്‍ എത്തിച്ചേരണം. ഞാനന്ന് പനിച്ചു കിടപ്പാണ്. പൊള്ളുന്ന പനി. അടുത്ത ദിവസം വന്നാല്‍ മതിയൊന്നു ചോദിച്ചപ്പോള്‍ അവരുടെ സ്വരം കടുത്തു. വെയിലും കൊണ്ട് തളര്‍ന്നു ചെന്നു കയറിയപ്പോള്‍ പ്രിന്‍സിപ്പല്‍ കുറെ പേപ്പര്‍ കെട്ടുകളുമായിരിക്കുന്നു. ഏപ്രില്‍ ആദ്യം ഞങ്ങള്‍ നോക്കി മാര്‍ക്കിട്ടു ഏല്‍പ്പിച്ച പേപ്പറുകളാണ്. അതില്‍ നിന്ന് ഞാന്‍ നോക്കിയ ക്ലാസുകളിലെ രണ്ട് പേപ്പര്‍ വലിച്ചെടുത്തു അവര്‍ നിന്ന് പരുങ്ങി. ചുരുക്കത്തില്‍ ഇത്രയേയുള്ളൂ കാര്യം, ‘ ഒരാളുടെ മാര്‍ക്ക് കൂട്ടണം, ഒരാളുടെ കുറക്കണം. പേപ്പറിലും പ്രോഗ്രസ് കാര്‍ഡിലും. ജോജോയുടെ മാര്‍ക്ക് ആണ് കുറക്കേണ്ടത്. കൂട്ടണ്ടത് അവര്‍ക്ക് വളരെ കാര്യമുള്ള ഒരു കുട്ടിയുടെയും. ഞാന്‍ പേപ്പര്‍ വാങ്ങി വീണ്ടും വീണ്ടും കൂട്ടി നോക്കി. ജോജോയുടെ പേപ്പര്‍ ഒരു തെറ്റ് പോലുമില്ലാതെ മനോഹരമായ കൈപ്പടയില്‍ എഴുതിയിരിക്കുന്നു. ഇട്ടിരിക്കുന്നതിലും ഒന്നോ രണ്ടോ മാര്‍ക്ക് വേണമെങ്കില്‍ കൂട്ടാം എന്നല്ലാതെ ഒന്നും കുറയ്ക്കാനില്ല. അത് പറഞ്ഞപ്പോള്‍, കുറക്കാന്‍ വേണ്ടി അവര്‍ ശാഠ്യം പിടിച്ചു. കടുത്ത നീതികേടാണ്. ദൈവത്തിന്റെ രാജ്യം ഘോഷിക്കാന്‍ ജീവിത വ്രതം എടുത്ത, ഒരുവളുടെ വായില്‍ നിന്ന് പുറപ്പെട്ട അനീതിയുടെ വിഷമേറ്റു ഞാന്‍ നീലിച്ചു പോയി. പനിച്ചൂടിലും ഞാന്‍ എതിര്‍ത്തു നിന്നു. ആര്‍ക്കു വേണമെങ്കിലും എത്ര വേണമെങ്കിലും കൂട്ടിയിടാം, പക്ഷെ അവന്റെ മാര്‍ക്കില്‍ നിന്ന് അര പോലും കുറയ്ക്കില്ലന്നു തര്‍ക്കിച്ചു. അവര് ദേഷ്യം കൊണ്ടു നിന്നു തുള്ളി. ഞാന്‍ നോക്കി മാര്‍ക്കിട്ടു അടുക്കി കെട്ടി വച്ചിരുന്ന ഓരോ സെറ്റ് പേപ്പറും വലിച്ചിട്ടു കുറ്റം കണ്ടുപിടിക്കാന്‍ വൃഥാ ശ്രമിച്ചു. ഒന്നും കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ പ്രണയിച്ചവളാണ്, ഉറപ്പിച്ച കല്യാണം നടക്കുന്നതിനു മുന്‍പ് ഇഷ്ടപ്പെട്ട ആളുടെ ഒപ്പം ഇറങ്ങി പോയി കല്യാണം കഴിച്ചവളാണ്, ‘അന്നില്ലാത്ത എന്ത് നീതിബോധമാണ് ഇന്ന് നിനക്കുള്ളതെന്നു’ പുച്ഛിച്ചു. കണ്ണീര്‍ മറച്ചു പിടിച്ചു ക്ഷമയോടെ ഞാന്‍ അധിക്ഷേപങ്ങളൊക്കെയും കേട്ടു നിന്നു. മറുത്തൊരു വാക്ക് പറഞ്ഞുകൂടാ. ജോലി പോയാല്‍ ഇനി ഈ കൊല്ലം വേറൊന്നു കിട്ടാന്‍ ബുദ്ധിമുട്ടാണ്. പത്രങ്ങളിലെ ഇന്റര്‍വ്യൂ പരസ്യങ്ങള്‍ എല്ലാം തന്നെ ഏപ്രില്‍ അവസാനത്തോടെ അപ്രത്യക്ഷമായിരുന്നു.
കുറേ ബഹളം വയ്ക്കലുകള്‍ക്കു ശേഷം അവര്‍ തീരുമാനം പറഞ്ഞു,
‘സ്‌കൂളിന്റെ രീതികള്‍ക്ക് അനുസരിച്ചു മൂല്യനിര്‍ണയം നടത്താന്‍ അറിഞ്ഞൂടാത്ത ആളെന്ന നിലയ്ക്ക് അഞ്ജു റിസൈന്‍ ചെയ്യണം’. അടക്കി വച്ചിരുന്ന കണ്ണുനീരൊക്കെയും കൂടി ഒന്നിച്ചൊഴുകി. ഈ കൊല്ലം കൂടി നിന്നോട്ടെയെന്നു യാചിച്ചു നോക്കി. ഒരു നാണക്കേടുമില്ലാതെ പറഞ്ഞു വിടല്ലേയെന്നു അപേക്ഷിച്ചു. ഇരുട്ട് നിറഞ്ഞ വലിയ സ്റ്റാഫ് റൂമില്‍ എന്നെ തനിച്ചാക്കി അവര് പ്രാര്‍ത്ഥന മുറിയിലേക്ക് ചവിട്ടി കുതിച്ചു നടന്നു പോയി.

പനിച്ചൂടില്‍ വിറയ്ക്കുന്ന കാലുകളില്‍ സ്വയം താങ്ങി കുറേ നേരം നിന്നു. ഇനി നിന്നിട്ട് കാര്യമില്ലെന്നു തോന്നിയപ്പോള്‍ പതിയെ ഇറങ്ങി നടന്നു. തിളയ്ക്കുന്ന വെയില്‍ ചൂട്. തീയായിരുന്നു അകത്തും പുറത്തും. ബസ് വന്നു അടുത്ത് നിന്നത് കണ്ണീര്‍ പാടയിലൂടെ കണ്ടു. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്ടര്‍ചേട്ടന്‍ കലങ്ങിയ കണ്ണുകള്‍ കണ്ടു ടിക്കറ്റ് എടുക്കാതെ തിരിച്ചു നടന്നു പുറകില്‍ പോയിരുന്നു. ബസിറങ്ങി നടക്കുന്നത് വഴി ബോബിയെ വിളിച്ചു ജോലി പോയെന്ന് പറഞ്ഞു. ചെറുതാണെങ്കിലും നിലച്ചു പോകുന്ന ഒരു വരുമാനമോര്‍ത്തു ബോബി വിഷമിക്കുമെന്നോര്‍ത്ത എനിക്ക് തെറ്റി. അന്ന് തൊട്ടു, നാലു മാസങ്ങള്‍ക്കു ശേഷം കോളേജില്‍ ജോലി കിട്ടുന്നത് വരെ ഡിപ്രഷനിലേക്കു വീണു പോകാതെ കൈപിടിച്ച് കൂടെ നിന്നു.
പേപ്പര്‍ നോക്കുന്നതിലെ ‘മിടുക്ക്കുറവു’ കൊണ്ടു ജോലി നഷ്ടപ്പെട്ട ഞാന്‍ അന്ന് തൊട്ടു ഇന്ന് വരെ ഒരിക്കല്‍ പോലും മുടങ്ങാതെ യൂണിവേഴ്‌സിറ്റി പേപ്പര്‍ വാലുവേഷന് പോകുന്നു, ഡിഗ്രി – പിജികളിലെ പ്രൊജക്റ്റ്കള്‍ സൂപ്പര്‍വിഷന്‍ നടത്തുന്നു.

പഠിപ്പിക്കുന്ന ക്ലാസ്സുകളും പേപ്പറുകളും കോളേജുകളും പലതവണ മാറിയെങ്കിലും മാറ്റമില്ലാത്തതായി തുടരുന്ന ഒന്നേയുള്ളു ; വാക്കിനു വിലയില്ലാതെ, ഞാന്‍ ഭംഗി ആയി ചെയ്തുകൊണ്ടിരുന്ന ജോലി എന്റെ കയ്യില്‍ നിന്നു തട്ടിപ്പറിച്ച ആ സ്ത്രീയോടുള്ള വെറുപ്പ്. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി ഊതുംതോറും തെളിഞ്ഞു വരുന്ന കനല്‍ക്കട്ട പോലെ അത് കൂടി വരുന്നതേയുള്ളു. ക്ഷമിക്കൂ, മറക്കൂ എന്നുള്ള ബോബിയുടെ അപേക്ഷകള്‍ക്ക് മുന്‍പില്‍ ഞാന്‍ ചീറും, കരഞ്ഞു കൊണ്ട് ടേബിളില്‍ ഇരുന്ന സാധനങ്ങള്‍ ഒരു ടെക്സ്റ്റയില്‍ കവറിലേക്കു പെറുക്കി ഇട്ടു ഇറങ്ങി പോന്ന എന്റെ അന്നത്തെ അവസ്ഥ ഓര്‍ത്തോര്‍ത്തു കരയും, വെറുപ്പോടെ തലയിട്ടുരുട്ടും.

ഒന്നാലോചിച്ചാല്‍ ആ ഇറക്കം ഒരുപാട് കയറ്റങ്ങളുടെ തുടക്കം ആയിരുന്നു. കോളേജുകളില്‍ പഠിപ്പിക്കാന്‍ പറ്റി, നല്ല സഹപ്രവര്‍ത്തകരെ കിട്ടി, സ്‌നേഹിച്ചു ശ്വാസം മുട്ടിക്കുന്ന കുറേ പിള്ളേരെ കിട്ടി. പക്ഷെ അതിനൊന്നും തന്നെ എന്റെ ഉള്ളിലെ മുറിവുണക്കാന്‍ ഇന്നും പറ്റിയിട്ടില്ല. ഉയിര്‍പ്പ്ഞായറില്‍ പോലും ഓര്‍ത്തിരുന്നു ശപിച്ചു പോകാന്‍ മാത്രം രക്തം ഇറ്റു വീഴുന്ന മുറിവും ഉള്ളില്‍ പേറിയാണ് ഞാനിന്നും അവരെ ഓര്‍ക്കുന്നത്.

Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button