Sports

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് അഞ്ച് മെഡലുകള്‍

ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍. 3000 മീറ്ററില്‍ അവിനാഷ് സേബിളും ജാവലിന്‍ ത്രോയില്‍ അന്നു റാണിയും വെള്ളി നേടി. മറ്റ് മൂന്നെണ്ണം വെങ്കലമെഡലുകളാണ്.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന യുവതാരം ഹിമദാസ് പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി. പരുള്‍ ചൗധരി വനിതകളുടെ അയ്യായിരം മീറ്ററില്‍നേടിയ വെങ്കല മെഡലിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. പിന്നാലെ വെള്ളിയുടെ രൂപത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ജാവലിന്‍ ത്രോയില്‍ അന്നു റാണിയാണ് വെള്ളി നേടിയത്. മൂന്നാം മെഡല്‍ പൂവമ്മയുടെ വക. വനിതകളുടെ നാനൂറ് മീറ്ററിലാണ് പൂവമ്മയുടെ നേട്ടം.

പുരുഷ വിഭാഗം മൂവായിരം മീറ്ററില്‍ വെള്ളി നേടി അവിനാഷ് സേബിള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലാക്കി. പതിനായിരം മീറ്ററില്‍ മുരളി കുമാര്‍ ഗവിതിന്റെ വെങ്കല നേട്ടത്തിലൂടെ ആദ്യദിനത്തിലെ മെഡല്‍ പട്ടിക പൂര്‍ത്തിയാക്കി.

ദേശീയ റെക്കോര്‍ഡ് കുറിച്ച് വനിതകളുടെ നൂറ് മീറ്ററിന്റെ ഫൈനലിന് യോഗ്യത നേടിയ ധ്യുതി ചന്ദിന്റെ പ്രകടനവും ആദ്യ ദിനത്തെ ശ്രദ്ധേയമാക്കി.നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമുള്‍പ്പെടെ ഏഴ് മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ബഹ്റൈനാണ് ആദ്യ ദിവസം മുന്നില്‍. ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ് മെഡല്‍ പട്ടികയില്‍

shortlink

Post Your Comments


Back to top button