കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടേയും വംശീയഹത്യയുടേയും വക്താക്കളെ എത്തിച്ചാണ് കേരളത്തില്‍ ബിജെപി റോഡ് ഷോ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരേന്ത്യയില്‍ നടക്കുന്നത് പോലെ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലും വര്‍ഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാനാണ് ഈ ശ്രമം. ഇത് എത്രമാത്രം ആപത്ക്കരമായ സ്ഥിതിവിശേഷത്തിലേക്ക് നാടിനെ എത്തിക്കാന്‍ ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പിണറായി പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. താൽക്കാലിക നേട്ടങ്ങൾക്ക് മതനിരപേക്ഷ മൂല്യങ്ങളെ തകർക്കാനാണ് അവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു. ജനാധിപത്യവിരുദ്ധ ശക്തികള്‍ക്ക് പരവതാനി വിരിച്ച് നാട്ടില്‍ വിഹരിക്കാന്‍ സൗകര്യം കൊടുത്താല്‍ നമുക്ക് നഷ്ടമാകുന്നത് നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ബിജെപി പരാജയപ്പെടണമെന്നും ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നുമുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയുടെ പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിൽ ആർഎസ്എസും ബിജെപിയും നുണ പലതവണ ആവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ശബരിമലയിലേക്കുള്ള കാണിക്ക തടഞ്ഞ് അക്രമം അഴിച്ചുവിട്ടതടക്കമുള്ള യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ പ്രധാന മത്സരം യുഡിഎഫും-എല്‍ഡിഫും തമ്മിലാണ്. ചില മണ്ഡലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും കോണ്‍ഗ്രസും സഹകരിക്കുന്നു. ഇരുപാര്‍ട്ടികളുടേയും പല നേതാക്കളും ഇത് പരസ്യമാക്കിയിട്ടുണ്ട്. പ്രളയത്തില്‍ സഹായം നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ യുഡിഎഫ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments