ചാലക്കുടി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നസെന്റ് മുന്‍കൈയെടുത്ത് നടപ്പാക്കിയ 1750 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കൊപ്പം പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയ 1.54 കോടി രൂപയുടെ വികസനപദ്ധതികള്‍ കൂടിയുണ്ടെന്ന് എല്‍ഡിഎഫ്. നേരത്തെ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ വിട്ടുപോയ ആറ് റോഡ് പദ്ധതികള്‍ കൂടിയുണ്ട്. വാരിയംപറമ്പ്– പ്ലാക്കത്തറ റോഡ് (22 ലക്ഷം), മാമ്പ്ര–കരിക്കട്ടക്കുന്ന് റോഡ് (18.5 ലക്ഷം), മലയാറ്റൂര്‍– കളരി– കരിപ്പായ (26 ലക്ഷം), കുറ്റിച്ചിറക്കടവ് റോഡ് (36 ലക്ഷം), എല്‍ഐ കനാല്‍ ബണ്ട് റോഡ് (34 ലക്ഷം), മംഗലതൃക്കോവ് റോഡ് (18 ലക്ഷം) എന്നിവയാണിവ.
എംപി ഫണ്ടില്‍നിന്ന് പണം നല്‍കി നിര്‍മിച്ച റോഡുകള്‍ക്കുപുറമെ കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് 123 കോടിയും മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി ഇന്നസെന്റ് ലഭ്യമാക്കി. കേന്ദ്ര റോഡ് ഫണ്ടിനുവേണ്ടി റോഡുകളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെങ്കിലും ഇവയില്‍ പരിമിത എണ്ണം റോഡുകള്‍ക്ക് മാത്രമേ അനുമതി ലഭിക്കാറുള്ളൂ. ഇതില്‍ എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദം നിര്‍ണായകമാണ്. 2014– 15ലും 2015– 16ലും യുഡിഎഫ് കേരളം ഭരിക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തില്‍ ഒരു ഫണ്ടും അനുവദിക്കാന്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ല.
ലോക്‌സഭാ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടത് എംപിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുപുറമെ സംസ്ഥാന സര്‍ക്കാരിനേയും ഗ്രാമപഞ്ചായത്തുകള്‍വരെയുള്ള ത്രിതല ഭരണസംവിധാനത്തേയും ഇതിനായി ഉപയോഗപ്പെടുത്തണം. ഈ ഉത്തരവാദിത്തം സമര്‍ഥമായി നിര്‍വഹിക്കുകയാണ് ഇന്നസെന്റ് ചെയ്തത്. ഇതിനു പുറമേ പൊതുമേഖലാ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും മണ്ഡലത്തില്‍ പ്രയോജനപ്പെടുത്തി. മുന്‍ എംപി ചെലവഴിക്കാതെയിട്ടിരുന്ന 2.5 കോടി രൂപ ഉപയോഗപ്പെടുത്താന്‍ സാധിച്ചുവെന്നറിയുമ്പോഴാണ് ഇന്നസെന്റിന്റെ മികവ് ഏവര്‍ക്കും ബോധ്യമാകുക.
എംപി ഫണ്ടു ഉപയോഗിച്ച് നടപ്പാക്കേണ്ട ബാധ്യത മാത്രമാണ് യുഡിഎഫിന് വികസനമെന്നതിനാല്‍ വികസനത്തുടര്‍ച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും വരേണ്ടത് പ്രധാനമാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments