രാജാക്കാട്: കാലാവസ്ഥാ വ്യതിയാനത്തില്‍ ഹൈറേഞ്ചില്‍നിന്നും കൊക്കോ കൃഷിയും പടിയിറങ്ങുന്നു. കടുത്ത ചൂടില്‍ കൊക്കോ പൂക്കളും ചെറുകായ്കളും കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇതോടെ കായ്കളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ കൊക്കോ ഉല്പാദനം പൂര്‍ണമായി നിലയ്ക്കും. കടുത്ത വരള്‍ച്ചയില്‍ ഹൈറേഞ്ചിലെ മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം കൊക്കോ കൃഷിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിക്കുകയും യഥാസമയം മഴ ലഭിക്കാത്തതുമാണ് കൊക്കോ കൃഷിക്ക് തിരിച്ചടിയായത്.
മറ്റ് കൃഷികളെ അപേക്ഷിച്ച് വലിയ മുതല്‍മുടക്കും പരിപാലനവും ആവശ്യമില്ലാത്ത കൊക്കോയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്നത്. എന്നാല്‍, നിലവില്‍ കൊക്കോ കൃഷി കൂടി പടിയിറങ്ങുന്ന അവസ്ഥയിലാണ്. പുതുതായി വിരിയുന്ന പൂവുകളും മുമ്പ് ഉണ്ടായ കായ്കളും വ്യാപകമായി കരിഞ്ഞുണങ്ങുന്നു. പൂവുകള്‍ പൂര്‍ണമായി നശിക്കുന്നതിലൂടെ മുമ്പോട്ടുള്ള ഉല്പാദനം ഇല്ലാതാവും.
കൊക്കോയ്ക്ക് മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും ഉല്പാദനത്തിലുണ്ടായ കുറവ് വലിയ തിരിച്ചടിയാണ്. കടുത്ത വേനലില്‍ പൂവുകള്‍ കൂടി കരിഞ്ഞുണങ്ങുന്ന അവസ്ഥയില്‍ ഹൈറേഞ്ചിലെ കര്‍ഷകരുടെ ഏക പ്രതീക്ഷയായിരുന്ന കൊക്കോയും മലയോരത്തുനിന്നും പടിയിറങ്ങുകയാണ്.
Post Your Comments