കൊച്ചി: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയർ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം (153 /A )കേസെടുത്ത് അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണമെന്നും കണ്ണന്താനം ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
പാലക്കാട് എം.പി. എം.ബി.രാജേഷിനെ ട്രോളിയതിൻറെ പേരിൽ ഔട്ട് സ്പോക്കൺ എന്ന സോഷ്യൽ മീഡിയ പേജിൻറെ അഡ്മിൻ ഹരി നായർ എന്ന ചെറുപ്പക്കാരനെ ഐ പി സി 153A പ്രകാരംഅറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സോഷ്യൽ മീഡിയയിൽ എന്നെക്കാളും സൈബർ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം. മലയാളി യുവാക്കളുടെ സർഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി.
ആവിഷ്ക്കാര സ്വാതന്ത്ര്യം ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിൻറെ എം.പി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിൻറെ പേരിൽ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനിൽക്കില്ല എന്ന് എല്ലാവർക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മിൽ നിന്നും പഠിക്കണം. കള്ളൻ കള്ളൻ എന്ന സ്വയം കള്ളൻ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാർട്ടിയാണ് സിപിഎം. അവർ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമർത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു.
ഞാൻ ഇതുപോലെ എന്നെ ട്രോളുന്നവർക്കെതിരെ കേസുകൊടുക്കാൻ മുതിർന്നാൽ സിപിഎം എന്ന പാർട്ടിയിൽ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധു നികലോകത്തെ കാർട്ടൂൺ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിൻറെ പേരിൽ കള്ളക്കേസെടുത്ത് കൽത്തുറുങ്കിൽ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. കൽത്തുറുങ്കിൽ അടക്കപ്പെട്ട ഔട്ട്സ്പോക്കൻ ട്രോൾ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായർക്ക് ഐക്യദാർഢ്യം.
Post Your Comments