ഖൊവായ്: പൊലീസ് സ്റ്റേഷനിൽ കയറി രാഷ്ട്രീയ എതിരാളിയെ തല്ലിയ കേസിൽ കോൺഗ്രസ് നേതാവിനെതിരെ ത്രിപുര പൊലീസ് കേസെടുത്തു. കോൺഗ്രസ് യൂണിറ്റ് നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മിഥുൻ ദേബ് ബർമ എന്ന വ്യക്തിക്കാണ് മർദ്ദനമേറ്റത്. ഇയാൾ ഐ പി എഫ് ടി പ്രവർത്തകനാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പരസ്യമായി നിയമം കൈയ്യിലെടുത്തതിനും പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെ കേസെടുത്തതായി ഖൊവായ് പൊലീസ് അറിയിച്ചു.
ഈസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.സംസ്ഥാന കോൺഗ്രസ്സ് നേതാവിന്റെ പ്രവൃത്തിയെ ജനാധിപത്യ വിരുദ്ധം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ‘പൊലീസ് സ്റ്റേഷനിൽ കയറി ഒരാളെ തല്ലാൻ ധൈര്യം കാണിച്ചയാൾക്ക് എവിടെ വെച്ചും ആരെയും കൊല്ലാൻ വരെ കഴിയും.’
‘അയാളുടെ പ്രവൃത്തി മനുഷ്യത്വരഹിതവും സംസ്കാരവിരുദ്ധവുമാണ്. പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി കഴിഞ്ഞു.’ ത്രിപുര നിയമമന്ത്രി രത്തൻ ലാൽ നാഥ് വ്യക്തമാക്കി.
Post Your Comments