KeralaLatest News

യാഗബലിയുടെ ഓർമയിൽ ലോകം ഇന്ന് ദുഃഖ വെള്ളി ആചരിക്കും

യേശുവിൻെറ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കൽ ചടങ്ങ് ദുഃവവെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളിൽ നടക്കും. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണം നടക്കും.ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയർത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഈസ്റ്റർ ആചരിക്കുന്നത്.

ഇംഗ്ലീഷില്‍ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വി. ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പുര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു. കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ നാം ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button