ArticleLatest News

കൊടിയുടെ നിറവും മടിയുടെ കനവും നീതി നിര്‍വഹണത്തെ സ്വാധീനിക്കുമ്പോള്‍ ജാര്‍ഖണ്ഡിലെ അമ്മയും തൊടുപുഴയിലെ അമ്മയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

അഞ്ജു പാര്‍വതി പ്രഭീഷ്‌

പ്രബുദ്ധകേരളമെന്ന് അക്ഷരത്താളുകളിൽ വാഴ്ത്തപ്പെടുമ്പോൾ,സോഷ്യലിസത്തിന്റെ അപ്പോസ്തലമാർ ഭരണം കയ്യാളുമ്പോൾ കൺമുമ്പിലിതാ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പലുമായി നില്ക്കുന്നു നമ്മുടെ നീതിപാലനം!വിവേചനങ്ങളുടെ ചെറുതുരുത്തുകൾ എന്നും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും അത് ജനാധിപത്യവ്യവസ്ഥിതിയുടെ നടുക്കുന്ന പരാജയമാണെന്നും കാട്ടിത്തരുന്നുണ്ട് ആലുവസംഭവത്തിലെ ജാർഖണ്ഡുകാരിയായ അമ്മയുടെ അറസ്റ്റും തൊടുപുഴയിലെ അമ്മയുടെ സമർത്ഥമായ ചിത്തഭ്രമവും!

ഒരേ കുറ്റകൃത്യം. പക്ഷേ നിയമപാലകരുടെ സമീപനം രണ്ടു തരം.ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം?

വിശ്വസ്തത അഥവാ ലോയൽറ്റിയെ ധ്വനിപ്പിക്കുന്നു പോലീസ് എന്ന ആംഗലേയ വാക്കിലെ “എൽ ” എന്ന അക്ഷരം.. ഇത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയാണ് കേരളാപോലീസിലെ ചിലരെങ്കിലുമെന്നു തെളിയിക്കുന്നു സമകാലീന സംഭവങ്ങൾ. പക്ഷേ ആ വിശ്വസ്തത ആരോടെന്നതാണ് കുഴപ്പിക്കുന്ന, അതിനേക്കാളേറെ ആശങ്കയുളവാക്കുന്ന ചോദ്യം.ഇവിടെ ആലുവയിലെ അമ്മയെ കുറ്റകൃത്യം നടത്തിയതിന്റെ പിറ്റേന്നു തന്നെ അറസ്റ്റു ചെയ്തു കൃത്യനിർവ്വഹണം നടത്തിയ കേരളാപോലീസ് തൊടുപുഴയിലെ കുഞ്ഞ് മരിച്ച് ദിവസങ്ങൾ ഇത്രയുമായിട്ടും ആ അമ്മയ്ക്ക് സൈക്കോസിസിന്റെ ആനുകൂല്യം നല്കി അവരെ കണ്ടില്ലെന്നു നടിക്കുമ്പോൾ ശരിക്കും വിഡ്ഡികളാകുന്നത് നമ്മൾ പൊതുജനമെന്ന കഴുതകൾ മാത്രമാണ്.

ജനമൈത്രിയെന്ന നല്ല ആശയത്തെ രാഷ്ട്രീയമൈത്രിയെന്ന ബലഹീനതയ്ക്കുളള മുഖംമൂടിയാക്കി മാറ്റിയെന്നതാണ് വരാപ്പുഴ കസ്റ്റഡി മരണം വിളിച്ചുപറയുന്നത്. കാക്കിയിട്ടവർ തന്നെ കാക്കിയിട്ടവരുടെ ഒറ്റുകാരാവുന്നതും വരാപ്പുഴ കാട്ടിത്തന്നു. നീതിനിഷേധത്തിന്റെ ഒരുപാട് കഥകൾ ഇതിനുമുമ്പേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നെങ്കിലും ആളു മാറി നിരപരാധിയായൊരു യുവാവിനെ, അതും രാഷ്ട്രീയപകയുടെ ഇരയായതുകൊണ്ടുമാത്രം മർദ്ദിച്ചു കൊല്ലുകയെന്നത് പോലീസ് വകുപ്പിനു തീരാകളങ്കം തന്നെയാണ്. ലിഗയുടെ കൊലപാതകവും പോലീസിന്റെ അനാസ്ഥയിലേക്ക് വിരൽചൂണ്ടിയപ്പോൾ, അതിനെ സാധൂകരിക്കാനായി മാത്രം കൊണ്ടുവന്ന ഒതളങ്ങാ തിയറിയും കേരളാ പോലീസിന്റെ ശോഭ കെടുത്തിയത് നമ്മൾ കണ്ടതാണ്.പിന്നെയുമുണ്ട് രാഷ്ട്രീയത്തിന്റെ കാണാമറയത്ത് ഒതുക്കിക്കളഞ്ഞ ഒരു പാട് നീതിനിഷേധക്കഥകൾ.

തൊടുപുഴയിലെ കുഞ്ഞ് പത്ത് ദിവസങ്ങളോളം മരണവുമായി മല്ലിട്ട് ആശുപത്രിക്കിടക്കയിൽ കിടന്നപ്പോൾ മൂക്കിനുതാഴെ വി.ഐ.പി സ്യൂട്ടിൽ താമസിച്ചിരുന്ന ആ സ്ത്രീയെ കണ്ടില്ലെന്നു നടിച്ച പോലീസാണ് ഇപ്പോൾ ജാർഖണ്ഡുകാരിയായ യുവതിയെ ഉടനടി അറസ്റ്റു ചെയ്തിരിക്കുന്നത്.സി.സി.ടി.വി ക്യാമറകളിലൂടെ തൊടുപുഴയിലെ അഞ്‌ജനയെന്ന ആ അമ്മയുടെ ശരീരഭാഷ വിളിച്ചുപറയുന്നുണ്ടായിരുന്നു കുറ്റകൃത്യത്തിലെ അവരുടെ പങ്ക്.തന്നെ സ്ഥിരമായി തല്ലിച്ചതയ്ക്കുന്ന കാമുകനോട് അവൾക്ക് തിളച്ചുമറിയുന്ന വെറുപ്പ് അടക്കാൻ കഴിയാഞ്ഞിട്ടാവണം മരണാസന്നനായ കുഞ്ഞിനെ രക്ഷിക്കുന്നതിനേക്കാൾ കാമുകനെ രക്ഷിക്കാൻ തിടുക്കം കൂട്ടിയത്.കുഞ്ഞിനോടുള്ള അളവറ്റ കരുതൽ അടക്കാൻ കഴിയാഞ്ഞിട്ടാണ് ഒരു മണിക്കൂറിലേറെ ആബുലൻസിൽ കയറാതെ ചികിത്സ വൈകിപ്പിച്ചത്.സ്വന്തം കുഞ്ഞ് മൃതപ്രായനായി കിടക്കുമ്പോഴും മൊബൈലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകൾ തിരഞ്ഞും ഡോക്ടറോട് നുണക്കഥകൾ തട്ടിവിടാനും അസാമാന്യമനോധൈര്യം കാണിച്ച ഒരുവൾക്ക് ചിത്തഭ്രമത്തിന്റെ ക്ലീൻചിട്ട് നല്കി രക്ഷാവാതിൽ തുറന്നുകൊടുത്തത് മറ്റാരുമല്ല,വനിതകമ്മീഷന്റെ സ്വന്തം ജോസഫൈൻ.എന്തുകൊണ്ടാണ് ഒരേ കുറ്റകൃത്യത്തിന് രണ്ട് തരം നീതിയെന്നതിന്റെ ഉത്തരം തേടി അലയേണ്ട കാര്യമില്ല!പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന സിംമ്പിൾ ലോജിക്കിനൊപ്പം രാഷ്ട്രീയകൂട്ടിക്കൊടുപ്പെന്ന നെറികെട്ട തത്വസംഹിതയും ചേരുമ്പോൾ ജാർഖണ്‌ഡുകാരിയായ അമ്മ അകത്തും സിനിമാക്കാരനും പണക്കാരനുമായ അച്ഛന്റെയും ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള അമ്മയുടെയും മകളായ ഒരുവൾ പുറത്തും ആകുന്നു.ഇതാണോ മാർക്സ് സ്വപ്നം കണ്ട സമത്വസുന്ദരലോകം?അതും മാർക്സിന്റെ പിൻമുറക്കാർ ഭരണം കയ്യാളുന്ന കേരളത്തിൽ തന്നെയാണ് ഈ വിവേചനമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം?ഏഴാം കൂലിക്കാരിയായ അന്യസംസ്ഥാനക്കാരി ചെയ്ത കൊടുംക്രൂരത വിവരിക്കുന്ന മാധ്യമങ്ങളും ചാനലുകളും മറ്റവൾക്ക് നല്കിയതാകട്ടെ നിസഹായതയുടെ പരിവേഷം!എന്താ,ജാർഖണ്ഡുകാരിയായ ഒരുവൾക്ക് വേണ്ടേ കൗൺസിലിംഗ്?ശരിക്കും അർത്ഥത്തിൽ കൗൺസിലിംഗ് വേണ്ടിയിരുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നില്ക്കുന്ന ഒരുവൾക്കല്ലേ?

ആലുവയിലെ മൂന്നുവയസ്സുകാരന്റെ ക്രൂരമർദ്ദനവാർത്തയറിഞ്ഞതുമുതൽ വീണ്ടും മനസ്സിലേയ്ക്കോടിയെത്തിയത് ആ അച്ഛനും മോനുമായിരുന്നു!തെരഞ്ഞെടുപ്പ് കോലാഹലങ്ങൾക്കിടയിൽ മലയാളി മറന്നുപോയ ഒരു കുഞ്ഞുതേങ്ങൽ വീണ്ടും മറ്റൊരു വാർത്തയുടെ രൂപത്തിൽ വരുമ്പോൾ നീതിനിഷേധിക്കപ്പെട്ട ആ കുഞ്ഞ് ആത്മാവ് നമ്മളോട് കേണപേക്ഷിക്കുന്നുണ്ടാവും അവനെ മറക്കരുതേയെന്ന്!സോഷ്യൽസ്റ്റാറ്റസ് ഒരുക്കിയ സേഫ്സോണിൽ മറഞ്ഞിരുപ്പുണ്ട് അവനെ ഇല്ലായ്മയാക്കാൻ കാമുകന് കൂട്ടുനിന്ന ഒരുവൾ!ചിത്തഭ്രമത്തിന്റെ കെട്ടുക്കഥ നേടിക്കൊടുത്ത രക്ഷാകവചത്തിൽ അവൾ രക്ഷപ്പെട്ട് ജീവിതമാസ്വദിക്കുമ്പോൾ ഇതാ മാതാവിന്റെ ക്രൂരമർദ്ദത്തിനിരയായ ആലുവയിലെ മൂന്നുവയസ്സുകാരന്റെ അമ്മയ്ക്കെതിരെ ഉടനടി കേസെടുത്ത് മാതൃകയാകുന്നു കേരളപോലീസ്!മണിപവറും പൊളിറ്റിക്കൽ പവറും ഇല്ലാത്തതുക്കൊണ്ട് തന്നെ മനശാസ്ത്രപരമായ സമീപനങ്ങളൊന്നും വേണ്ടി വരുന്നില്ല ജാർഖണ്ഡുകാരിയായ ആ അമ്മയ്ക്ക്!ആ അമ്മ പാതിരാത്രി കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി സുഹൃത്തിനൊപ്പം കറങ്ങിയിട്ടില്ലാത്തതിനാൽ

സൈക്കോസിസ് ബാധിച്ചിരുന്നില്ല!പിന്നെന്തിന് സൈക്കോളജിസ്റ്റിന്റെ അഭിപ്രായം തേടണം?വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മികച്ച നിലവാരമൊന്നും അവകാശപ്പെടാനില്ലാത്തത് കൊണ്ട് ഇവിടെ കുറ്റകൃത്യത്തിന്റെ തീവ്രതയും കൂടുന്നു!അതിനാൽ തന്നെ കൂട്ടുപ്രതിയായി അച്ഛനെയും അറസ്റ്റ് ചെയ്യും.കാരണം സമയോചിതമായി ഇടപ്പെട്ടില്ലല്ലോ?

ആ അമ്മയ്ക്ക് പണവും പദവിയുമുള്ള ഒരച്ഛനും രാഷ്ട്രീയപിടിപ്പാടുള്ള ഒരമ്മയും ഇല്ലാത്തരുകൊണ്ടു തന്നെ കുറ്റം ഉടനടി സമ്മതിച്ചേ തീരൂ!അതുക്കൊണ്ട് തന്നെ അറസ്റ്റും ഉടനടിയുണ്ടായി. കുഞ്ഞിനെതിരെയുള്ള കുറ്റകൃത്യത്തെ ഒരുതരത്തിലും ന്യായീക്കുന്നില്ലെങ്കിൽ കൂടി ഒരേ തരത്തിലുള്ള കുറ്റകൃത്യത്തിന് രണ്ട് തരം നീതി കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ ചവർപ്പ് എനിക്കുമാത്രമായിരിക്കുമോ?ശരിക്കും വെറുപ്പ് തോന്നുന്നുണ്ട് നെറികെട്ട ഈ നീതിനിർവ്വഹണത്തോട്.അതിനേക്കാളേറെ പുച്ഛം തോന്നുന്നുണ്ട് പണത്തൂക്കത്തിനൊപ്പിച്ച്,രാഷ്ട്രീയമാപിനിയിലൂടെ അളന്നുമുറിച്ച് നോക്കി വേണ്ടപ്പെട്ടവരെ സേഫ്സോണിലാക്കാൻ തത്രപ്പെടുന്ന ഒരു ഇരട്ടചങ്കിനോട്!

ജനങ്ങളുടെ രക്ഷിതാക്കളാണ് നിയമപാലകർ. ഒപ്പം ആഭ്യന്തരവകുപ്പും ഭരണവ്യവസ്ഥിതിയും!

കൊടിയുടെ നിറവും മടിയുടെ കനവും നീതിനിർവ്വഹണത്തിനു തടസ്സമാകരുത്.അങ്ങനെ വന്നാൽ ജനത്തിനു നിയമം കയ്യിലെടുക്കേണ്ടി വരും.ഒപ്പം കടക്കൂ പുറത്ത് എന്ന ആട്ട് ചൂണ്ടുവിരലിലൂടെ ,അതും ജനാധിപത്യപ്രക്രിയയിലൂടെ നല്കാനും കഴിയും!അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത്തരം ഇരട്ടത്താപ്പുകൾ തടഞ്ഞേ തീരൂ!

shortlink

Related Articles

Post Your Comments

Related Articles


Back to top button