
തിരുവനന്തപുരം : ആരോഗ്യത്തിനു ഹാനികരമായ ചേരുവകള്‍ കണ്ടെത്തിയതിന്റെ പേരില്‍ കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സപ്ലൈകോയുടെ കരാര്‍ നൽകിയതായി റിപ്പോർട്ട്..കരിമ്പട്ടികയിലുള്ള ഭവാനി മസാല കമ്പനിയാണ് ഉടമയുടെ ഭാര്യയുടെ പേരിലുള്ള സ്‌ഥാപനത്തിന്റെ മറവില്‍ സപ്ലൈകോയ്‌ക്കു കാപ്പിപ്പൊടി ലഭ്യമാക്കാനുള്ള കരാര്‍ നേടിയത്. നിലവാരം കുറഞ്ഞതും ആരോഗ്യത്തിനു ഹാനികരവുമായ കാപ്പിപ്പൊടിയും കറിപ്പൊടികളും നല്‍കിയതിന്റെ പേരിലാണു പുതുച്ചേരി ആസ്‌ഥാനമായ ഭവാനി മസാല കമ്പനിയെ നേരത്തേ കരിമ്പട്ടികയിലാക്കിയത്.
മായം കലര്‍ന്നെന്നു കണ്ടെത്തിയതോടെ വിപണിയില്‍നിന്ന് ഇവരുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചിരുന്നു. ഗുണനിലവാര പരിശോധകനെ സ്വാധീനിച്ചാണ് അവര്‍ അന്നു കരാര്‍ നേടിയതെന്നു ആരോപണമുയർന്നിരുന്നു. ഇവര്‍ എത്തിക്കുന്ന കാപ്പിപ്പൊടി ഇനി ശബരി ലേബലില്‍ മലയാളികളുടെ ഗ്ലാസില്‍ നിറയും. വിലക്ക് മറികടക്കാനായി, അന്നു കമ്പനിയുടെ ഉടമയായിരുന്ന ആളുടെ ഭാര്യയുടെ പേരിലാണ് ഇപ്പോള്‍ ടെന്‍ഡറില്‍ പങ്കെടുത്തത്.
ഇവര്‍ക്കു കരാര്‍ ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുയരുന്നു. വിവരങ്ങളറിഞ്ഞിട്ടും സപ്ലൈകോയിലെ ഉന്നതര്‍ ഇടപെട്ടിട്ടില്ല. കൂടാതെ ഇവിടെയുള്ള ചില ഉദ്യോഗസ്ഥർക്ക് വഴിവിട്ട സഹായം നല്കിയിട്ടുള്ളതായും മംഗളം ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ ചിലർ സ്ഥാപനത്തിന്റെ താക്കോൽ സ്ഥാനത്തു എത്തിയതായും മംഗളം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments