അബുദാബി : ഗള്‍ഫ് മേഖലയില്‍ സമാധാനം തകര്‍ക്കുന്ന ഇറാനെതിരെ യു.എ.ഇ രംഗത്ത്. അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കുന്ന ഇറാനെതിരെ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. വാഷിങ്ടണില്‍ സന്ദര്‍ശനം നടത്തുന്ന യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ മേഖലയുടെ സമാധാനവും പുരോഗതിയുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് എല്ലാ തുറകളിലും അമേരിക്കയുമായി അടുത്ത സഹകരണം രൂപപ്പെടുത്തുന്നതെന്ന് മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇടപെടുന്ന ഇറാന്റെ വിദേശകാര്യ നയം മേഖലയില്‍ രൂപപ്പെടുത്തുന്ന പ്രതിസന്ധി ചെറുതല്ലെന്ന് മന്ത്രി പറഞ്ഞു. യെമനില്‍ സമാധാനം രൂപപ്പെടുത്താന്‍ യത്‌നിക്കുന്ന യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന് പൂര്‍ണ പിന്തുണ യു.എ.ഇ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു. പോയ വര്‍ഷം സ്വീഡനില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി ലംഘിച്ച ഹൂതികളുടെ നടപടിയെ മന്ത്രി വിമര്‍ശിച്ചു. സഹിഷ്ണുതയുടെ മികച്ച മോഡലായ യു.എ.ഇ എന്ന രാജ്യം അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളുമായി കൂടുതല്‍ അടുത്ത സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ഗര്‍ഗാശ് കൂട്ടിച്ചേര്‍ത്തു.
Post Your Comments