
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ പോസ്റ്റിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എഴുത്തുകാരിയായ ദീപ നിഷാന്തും ബിനിൽ സോമ സുന്ദരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ടുണ്ട്. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാളുടെ പോസ്റ്റുകളിൽ ബിജെപിക്കെതിരെയും മോദിക്കെതിരെയും നിരന്തര വിമർശനങ്ങളുണ്ട്.
‘ഇയാള്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കണം. ഈ പോസ്റ്റല്ല, ഇത്രയ്ക്ക് വിഷം പരസ്യമായി ഛര്‍ദ്ദിച്ചിടാനുള്ള സാഹചര്യം ഇവിടെയുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. നല്ല പത്തരമാറ്റ് ആചാരസംരക്ഷണക്കാരനാണ് ടിയാന്‍’ എന്ന് ദീപ നിഷാന്തും പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments