NewsIndia

സൗജന്യ കവറിന് ഉപഭോക്താവില്‍ നിന്നും 3 രൂപ വാങ്ങി; 9000 രൂപ ബാറ്റക്ക് പിഴ ഈടാക്കി കോടതി

സൗജന്യ കവറിന് ഉപഭോക്താവില്‍ നിന്നും 3 രൂപ വാങ്ങിയ ബാറ്റ കമ്പനിക്കെതിരെ 9000 രൂപ പിഴ ഈടാക്കി കോടതി. ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറമാണ് ബാറ്റ കമ്പനിക്കെതിരെ വന്‍ തുക ഈടാക്കിയത്. ചണ്ഡീഗഡ് സ്വദേശിയായ ദിനേഷ് പ്രസാദ് രാതുരി എന്ന ഉപഭോക്താവ് ഫെബ്രുവരി 5ന് സെക്ടര്‍ 22ഡിയിലെ ബാറ്റ ഷോറൂമില്‍ പോയി ഒരു ജോഡി ഷൂ വാങ്ങുകയും സാധനങ്ങളുടെ തുകയായി കമ്പനി 402 രൂപ (പേപ്പര്‍ ബാഗിന്റെ കവറിന്റെ തുകയടക്കം) വാങ്ങുകയായിരുന്നു. ബാറ്റ കമ്പനി അവരുടെ പരസ്യം പതിച്ച കവറിന് തുകയീടാക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്നും പരാതി കൊടുത്ത ഉപഭോക്താവ് കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.

കമ്പനി തന്നില്‍ നിന്നും ഈടാക്കിയ 3 രൂപ തിരികെ തന്ന് സേവന ന്യൂനതക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. പേപ്പര്‍ ബാഗിന് പണം ഈടാക്കുന്നത് സേവന ന്യൂനത തന്നെയെന്ന് കണ്ടെത്തിയ കോടതി ബാറ്റ കമ്പനിയോട് സൗജന്യമായി തന്നെ ബാഗുകള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കാനാണെങ്കില്‍ സൗജന്യമായി തന്നെ ഉപഭോക്താക്കള്‍ക്ക് കവറുകളും ബാഗുകളും നല്‍കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. ബാറ്റ കമ്പനിയോട് 3 രൂപ തിരികെ നല്‍കാനും കോടതി ചെലവുകള്‍ക്കായി 1000 രൂപ പരാതിക്കാരന് നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. കേസ് കാരണം പരാതിക്കാരന് ഏല്‍ക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് 3000 രൂപയും കോടതിയുടെ ലീഗല്‍ എയിഡ് അക്കൌണ്ടിലേക്ക് 5000 രൂപയും ബാറ്റ കമ്പനിയോട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ പൊതു സ്റ്റോറുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും കവറുകള്‍ക്ക് പണം ഈടാക്കുന്ന കമ്പനികളെ പുതിയ കോടതി വിധി വലിയ രീതിയില്‍ ബാധിക്കുമെന്ന് നിരീക്ഷണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button