തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തതയില്ലാത്തത് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ബിജെപി വക്താവ് എം.എസ്. കുമാര്‍. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണമെന്നാണ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് പത്രങ്ങളിലോ ഒരു പത്രത്തില്‍ മൂന്ന് തവണയോ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ശബരിമലയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ 242 കേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിട്ടുള്ളത്. ഈ കേസുകളുടെ വിവരങ്ങള്‍ ഒരു തവണ പത്രത്തില്‍ പരസ്യപ്പെടുത്തണമെങ്കില്‍ 20 ലക്ഷം രൂപയോളം ചെലവാകും. മൂന്ന് തവണ 60 ലക്ഷവും. ഇതിന് പുറമെയാണ് ചാനലുകളുടെ പരസ്യച്ചെലവ്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശം പാലിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരസ്യത്തിനുള്ള ചെലവ് പ്രത്യേകമായി ചെലവഴിക്കാന്‍ അനുവദിക്കുകയോ വിശദാംശങ്ങള്‍ ഒഴിവാക്കി കേസ് നമ്പര്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കുന്നത് വര്‍ദ്ധിക്കുകയാണ്.
ഹരിവരാസനം പാട്ടിന്റെ ഈണത്തില്‍ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനം പിന്‍വലിക്കണമെന്നാണ് ഏറ്റവുമൊടുവില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വനിതാ മതിലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അതേ മനോഭാവത്തോടെയാണ് തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നത്. രാഷ്ട്രീയതാത്പര്യത്തിന്റെ പേരില്‍ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അയ്യപ്പന് വേണ്ടി സംസാരിച്ചതിനും നാമജപത്തില്‍ പങ്കെടുത്തതിനുമാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്, കെ.സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൂറ് കണക്കിന് കള്ളക്കേസുകള്‍ ചുമത്തിയത്. അയ്യന് എന്ന വാക്ക് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്. കേരളത്തിലെ ജനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments