ന്യൂഡല്‍ഹി: ഷൂ വാങ്ങിയപ്പോള്‍ ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കിയ ബാറ്റ കമ്പനിക്ക് 9000 രൂപ പിഴ. ഉപയോക്താവിന്റെ പരാതിയില്‍ ചണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറമാണ് പിഴ വിധിച്ചത്. ചണ്ഡിഗഡ് സ്വദേശിയായ ദിനേശ് പ്രസാദ് രത്തൂരിയാണു പരാതിയുമായി ഫോറത്തെ സമീപിച്ചത്. ഫെബ്രുവരി അഞ്ചിന് സെക്ടര്‍ 22ഡിയിലെ ബാറ്റ ഷോറൂമില്‍നിന്നാണ് ദിനേശ് ഒരു ജോടി ഷൂ വാങ്ങിയത്. ക്യാരി ബാഗിന്റെ വില കൂടി ചേർത്താണ് ഷോറൂമിൽ നിന്ന് ഈടാക്കിയത്. കൂടാതെ ബാറ്റയുടെ പരസ്യം ബാഗില്‍ പതിപ്പിച്ച് സൗജന്യ പരസ്യം കൂടി കമ്പനി നടത്തിയെന്നും ദിനേശ് പരാതി നൽകുകയുണ്ടായി. മൂന്നു രൂപ തിരിച്ചു ലഭിക്കണമെന്നും മോശം സര്‍വീസിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
ഉപഭോക്തൃ ഫോറം ക്യാരി ബാഗിന് പണം ഈടാക്കിയത് മോശം സേവനമാണെന്ന് വിധിക്കുകയും സാധനം വാങ്ങുന്ന ഉപയോക്താവിന് ക്യാരി ബാഗ് സൗജന്യമായി നല്‍കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. മൂന്നു രൂപയ്ക്കൊപ്പം 1000 രൂപ വ്യവഹാര ചാര്‍ജായി നൽകാനും 3000 രൂപ ദിനേശിനു നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലേക്ക് 5000 രൂപ നിക്ഷേപിക്കാനും ഫോറം കമ്പനിയോട് നിർദേശിക്കുകയായിരുന്നു.
Post Your Comments