Latest NewsKeralaCandidates

നേട്ടങ്ങളുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് ഗോദ്ധയിലേക്ക് എ സമ്പത്ത്

നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ഡോ. എ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത് എംപി ‘വികസനവും ജനക്ഷേമവും’ എന്ന മുദ്രവാക്യവുമായാണ് ആറ്റിങ്ങലില്‍നിന്ന് വീണ്ടും ജനവിധി തേടുന്നത്. തുടര്‍ച്ചയായി രണ്ടാംതവണ. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ജി ബാലചന്ദ്രനെ 18,341 വോട്ടിനാണ് തോല്‍പ്പിച്ചത്. 1996ല്‍ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. 1965ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് കെ അനിരുദ്ധന്‍ മത്സരിച്ചപ്പോള്‍, പ്രചാരണത്തിലെ താരം മൂന്നു വയസ്സുകാരനായ മകന്‍ സമ്പത്തായിരുന്നു. ശങ്കര്‍ പരാജയപ്പെട്ടു. 1967ല്‍ ശങ്കറിനെതിരെ ചിറയിന്‍കീഴില്‍ അനിരുദ്ധന്‍ വിജയം വരിച്ചപ്പോഴും സമ്പത്ത് പ്രചാരണരംഗത്തുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 69,378 വോട്ടിനാണ് സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്.കര്‍ഷകരും കര്‍ഷകതൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമടങ്ങുന്ന മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമ്പത്ത് പ്രത്യേക മിടുക്ക് കാട്ടി. യുഡിഎഫ് ഭരണകാലത്ത് പരിമിതികളുടെയും പരാധീനതകളുടൈയും നടുവിലായിരുന്ന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എംപി നടത്തിയ വികസന പ്രവര്‍ത്തനം വിപ്ലവകരമാണ്. പഠന-ഗവേഷണത്തിലും പ്രചാരണത്തിലും സമ്പത്തിന്റെ വിഷയവും ആരോഗ്യം തന്നെ.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ആംബുലന്‍സ് അനുവദിച്ച് മാതൃകയായി. ആറ്റിങ്ങല്‍ ബൈപ്പാസ്, പ്രേംനസീര്‍ സ്മാരകം, നെടുമങ്ങാട് കേന്ദ്രീയ വിദ്യാലയം, വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ ആധുനികവല്‍ക്കരണം, ആറ്റിങ്ങല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, വര്‍ക്കല ക്ലിഫ്… അദ്ദേഹത്തിന്റെ വികസനപ്രവര്‍ത്തങ്ങളുടെ പട്ടിക നീളുകയാണ്, പാര്‍ലമെന്റിലും രാജ്യം ശ്രദ്ധിക്കുന്ന അംഗങ്ങളിലൊരാളാണ് സമ്പത്ത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ മുതല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍വരെ അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ഹാജര്‍നിലയിലും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് എംപി ഫണ്ട് വിനിയോഗത്തിലും മുന്നിലാണ് സമ്പത്ത്.

അടിയന്തരാവസ്ഥയില്‍ എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായി മാറിയ സമ്പത്ത് 1990ല്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് ഒന്നാം റാങ്കില്‍ എല്‍എല്‍എം നേടി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായി. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ എസ്എഫ്‌ഐ മുഖമാസിക സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ തൈക്കാട് വാര്‍ഡിനെ പ്രതിനിധാനംചെയ്തു. മികച്ച പാര്‍ലമെന്റേറിയനുളള രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് പ്രഥമ പാലിയം പുരസ്‌കാര്‍, മികച്ച പൊതുപ്രവര്‍ത്തകനുള്ള അഡ്വ. പിരപ്പന്‍കോട് ശ്രീധരന്‍നായര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button