മുംബൈ: ദയവായി എന്നെ സിനിമാ നടിയായി കാണരുതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഡോദ്കര്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്ത് സ്ഥാനാര്‍ത്ഥിയാണ് ബോളിവുഡ് താരസുന്ദരി ഊര്‍മ്മിള മണ്ഡോദ്കര്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ താന്‍ രാഷ്ടീയത്തിലേക്ക് ഇറങ്ങിയത് ബോളിവുഡ് താരമായിട്ടല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയായിട്ടാണെന്നാണ് ഊര്‍മ്മിള മണ്ഡോദ്കര് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
താന്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള ജനങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ കൈവീശി കാണിച്ച് വോട്ട് ചോദിക്കുന്ന മറ്റൊരു താരമല്ല താനെന്നും അവരുടെ പ്രതിനിധിയാണെന്നും ജനങ്ങളില്‍ ബോധ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള പറഞ്ഞു.
മുംബൈ നോര്‍ത്തില്‍ നിന്ന് മത്സരിക്കുന്ന ഊര്‍മ്മിളയ്ക്ക് അവിടുത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അവിടെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നതിനെ കുറിച്ചും വളരെ കൃത്യമായ ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവെള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി കാര്യങ്ങള്‍ അവിടെ ചെയ്യാനുണ്ടെന്നാണ് ഊര്‍മ്മിള പറയുന്നത്. മുംബൈ നോര്‍ത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മ്മിള മത്സരിക്കുന്നത്.
Post Your Comments