തിരുവനന്തപുരം : ഗൃഹനാഥനെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം പുറം ലോകം അറിയാന്‍ കാരണം ഇവരുടെ വീട്ടിലെ വളര്‍ത്തു പൂച്ചയുടെ പ്രവര്‍ത്തിയെന്നു പൊലീസ്. രക്തത്തില്‍ കുളിച്ചു കിടന്ന ദമ്പതിമാരെ കണ്ട് പ്രത്യേക ശബ്ദത്തില്‍ പൂച്ച അലറി. അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന, ദമ്പതികളുടെ 12 വയസ്സുള്ള മകനെയും 14 വയസ്സുള്ള മകളെയും അവരുടെ മുറിക്കുള്ളില്‍ കടന്ന് മാന്തുകയും കടിക്കുകയും ചെയ്ത് ഉണര്‍ത്താന്‍ ശ്രമിച്ചു.
മകന്‍ ഇതുകേട്ട് ഉണര്‍ന്നു പൂച്ചയെ മുറിക്കു പുറത്താക്കി വാതില്‍ ചാരി. എന്നാല്‍ പൂച്ച വീണ്ടും മുറിക്കുള്ളില്‍ കയറി കുട്ടികളെ ശല്യം ചെയ്യാന്‍ തുടങ്ങി. പേടി തോന്നിയ കുട്ടികള്‍ അച്ഛനെയും അമ്മയെയും വിളിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഇതു കണ്ടു ഭയന്ന് വിറച്ച കുട്ടികളുടെ അലറി കരച്ചില്‍ കേട്ടാണു പരിസരവാസികള്‍ സംഭവം അറിയുന്നത്.
ഒന്നാം പ്രതി അനില്‍ കുമാറിനെ കുറിച്ച് പൊലീസിന് നിര്‍ണായകവിവരം ലഭിക്കുന്നത് കുട്ടികളില്‍നിന്ന്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടികളെ അടുത്തുവിളിച്ചു ചോദിച്ചപ്പോഴാണ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അനില്‍കുമാര്‍ വീട്ടില്‍ കയറി കൊല്ലപ്പെട്ട ഗൃഹനാഥന്റെ ഭാര്യയെ കടന്നു പിടിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുട്ടികളുടെ അച്ഛനും അനില്‍ കുമാറുമായി ശത്രുത ഉണ്ടായെന്നു കുട്ടികള്‍ മൊഴി നല്‍കി.
ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയില്‍ നടത്തിയ അന്വേഷണത്തില്‍ അനില്‍ കുമാറിനെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു സംഭവ ദിവസത്തിനു തൊട്ടു മുന്‍പുള്ള ദിവസം തമ്പാനൂര്‍ ഭാഗത്ത് പ്രതി ഉണ്ടായിരുന്നു എന്നു പൊലീസ് മനസ്സിലാക്കിയത് . ഈ മൊബൈല്‍ സിഗ്‌നല്‍ തമിഴ്നാട്ടിലെ തിരുനല്‍വേലിയിലാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെ പോയി പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു രണ്ടാം പ്രതിയായ ചന്ദ്രശേഖറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
Post Your Comments