കൊച്ചി : വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം . ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര് അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശി നാസിര്‍ അലി, ആറ്റിങ്ങല്‍ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളി എകെജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്ലയിങ് ജെറ്റ് സ്ട്രീം ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണു തട്ടിപ്പു നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പിന് കളം ഒരുങ്ങിയത്.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ലക്ഷങ്ങള്‍ ഇവര്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരില്‍ ഓരോരുത്തരിലും നിന്ന് 30,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതികള്‍ വാങ്ങിയിരുന്നു.
വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പത്തു പേരോളം പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. നേരത്തെ സ്ഥാപനത്തിനും നടത്തിപ്പുകാരന് മനോജിനും എതിരെ തൃക്കാക്കര സ്റ്റേഷനിലും തിരുവനന്തപുരത്തും സമാന പരാതികള്‍ ലഭിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ ഡ്രൈവര്‍, ഗ്രൗണ്ട് ഹാന്ഡ്ലിങ് തുടങ്ങി സ്വീപ്പര്‍ വരെയുള്ള തസ്തികകളിലേക്കു ജോലി വാഗ്ദാനം നല്‍കിയിരുന്നു. ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് വിമാനത്താവളങ്ങളില്‍ ജോലി സംഘടിപ്പിച്ചു നല്കി അതിന്റെ മറവിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. പണം നല്കി 21-ാം ദിവസം ജോലി എന്നായിരുന്നു വാഗ്ദാനമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മൂന്നു മാസമായി ജോലിചെയ്യുന്ന തങ്ങള്‍ക്കു ശമ്പളം നല്‍കിയിട്ടില്ലെന്ന പരാതിയുമായി ജീവനക്കാര്‍ എത്തിയപ്പോഴാണ് സ്ഥാപനത്തിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടായത്.
Post Your Comments