ജുനഗഡ്: പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണമാണ് കോണ്‍ഗ്രസ് കൊള്ളയടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പണമാണ് അവര്‍ തുഗ്ലക് റോഡിലെ ഒരു വീട്ടില്‍ സംഭരിച്ചതെന്നും മോദി തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ വസതികള്‍ തുഗ്ലക് റോഡിലാണ്. കോണ്‍ഗ്രസിന്റെ, പുതിയ, തെളിവു സഹിതമുള്ള അഴിമതിക്ക് ഇപ്പോള്‍ പുതിയൊരു പേരു കൂടി വീണിട്ടുണ്ട്, തുഗ്ലക്ക് റോഡ് തെരഞ്ഞെടുപ്പ് അഴിമതി. ഗുരുതരമായ കുറ്റം ചെയ്തവര്‍ക്കു പോലും ജാമ്യം ലഭ്യമാക്കുമെന്നാണ് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്.
ഈ വ്യവസ്ഥ ആര്‍ക്കുവേണ്ടിയാണ്, സ്വന്തം നേതാക്കള്‍ക്കു വേണ്ടിയല്ലേ.. മോദി ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുക്കളുടെ സ്ഥാപനങ്ങളില്‍ നിന്നും കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിനു പുറമേ 20 കോടിയുടെ കുഴല്‍പ്പണം ദല്‍ഹി തുഗ്ലക്ക് റോഡിലുള്ള ഒരു നേതാവിന്റെ വസതിയില്‍ എത്തിച്ചതായും അത് അവിടെ നിന്ന് കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും വകുപ്പ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.
‘കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഞാന്‍ അവരെ ജയിലിന്റെ വാതില്ക്കല് വരെ എത്തിച്ചു. അഞ്ചു വര്‍ഷം കൂടി നല്കിയാല് ഞാന്‍ അവരെയെല്ലാം പിടിച്ച് അകത്താക്കാം. കര്‍ണ്ണാടകക്കു പുറമേ ഇപ്പോള്‍ മധ്യപ്രദേശാണ് കോണ്‍ഗ്രസിന്റെ എടിഎം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അവസ്ഥ വ്യത്യസ്തമല്ല. അധികാരത്തില്‍ വരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ജനങ്ങളെ കൊള്ളടിക്കാനാണ്’ മോദി പറഞ്ഞു. ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്നും അവര്‍ക്ക് പ്രത്യേക പ്രധാനമന്ത്രി വേണമെന്നുമുള്ള ആവശ്യങ്ങളെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ്.
സാധാരണക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അവിടെ സൈനികള്‍ ജീവന് ബലിയര്‍പ്പിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ വേണ്ടിവരുന്നില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇല്ലായിരുന്നുവെങ്കില്‍ കശ്മീര്‍ പോലും ഇന്ത്യക്ക് ലഭിക്കുമായിരുന്നില്ല, മോദി ചൂണ്ടിക്കാട്ടി.
Post Your Comments